
തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ സ്വകാര്യ ബസുടമകളുടെ സംസ്ഥാനതല യോഗം ഇന്ന് തൃശൂരിൽ ചേരും. സൗജന്യ യാത്ര ആരംഭിച്ചതോടെ വലിയ ആശങ്കയിലാണ് സ്വകാര്യ ബസുടമകൾ. ഇന്നലെ ഉച്ചയോടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായെന്നും ബസുടമകൾ പറഞ്ഞു. സ്ത്രീ യാത്രക്കാർ പൂർണമായി കെഎസ്ആർടിസിയിലേക്ക് മാറുന്നത് തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് ഉടമകളുടെ വാദം.
ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശനെ നേരികണ്ട് നിർദേശങ്ങൾ സമർപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാൽ ഇന്നലെ മുതൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായെന്നും സ്ത്രീ യാത്രക്കാർ പൂർണമായി കെഎസ്ആർടിസിയിലേക്ക് മാറുന്നത് തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് ഉടമകളുടെ വാദം.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന രീതിയിലുള്ള അനുകൂലമായ നിലപാടുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ പണിമുടക്കിലേയ്ക്ക് പോകുന്നതിന് മുൻപ് തന്നെ ബസ് സർവീസുകൾ നിർത്തിവയ്‌ക്കേണ്ടിവരുമെന്ന ആശങ്കയാണ് ഉടമകൾ പങ്കുവയ്ക്കുന്നത്. വരാനിരിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ തങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ ഉൾപ്പെടെ പ്രഖ്യാപിക്കണമെന്നും ഡീസൽ സബ്സീഡി അനുവദിക്കണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉൾപ്പെടെ വർദ്ധിപ്പിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടും. ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങളിലേയ്ക്ക് കടക്കാനാണ് തീരുമാനമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |