SignIn
Kerala Kaumudi Online
Wednesday, 17 June 2026 1.58 AM IST

വിമാനത്തിലെ പ്രതിഷേധക്കാരെ ആക്രമിച്ച കേസ്; ഇപി ജയരാജന് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

READ ENGLISH VERSION

ep-jayarajan

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ സിപിഎം നേതാവ് ഇപി ജയരാജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഇപി ജയരാജന് ക്ലീൻ ചിറ്റ് നൽകി പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ നിർണായക നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാൻ കോടതി പൊലീസിന് നി‌ർദേശം നൽകി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

2022 ജൂൺ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ ഇപി ജയരാജൻ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫർസീൻ മജീദ് അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയത്.

ഈ പരാതിയിൽ വലിയതുറ പൊലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ജയരാജനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ കോടതി കേസ് എഴുതിത്തള്ളാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ഇപി ജയരാജനും ഗൺമാൻ അനിൽകുമാറിനും എതിരായ പരാതിയിൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് നൽകണമെന്നുമാണ് കോടതിയുടെ ഉത്തരവ്.

അതേസമയം തനിക്കെതിരെ അന്വേഷണം നടത്താനുള്ള കോടതി ഉത്തരവിൽ പ്രതികരിച്ച് ഇപിജയരാജൻ രംഗത്തെത്തി. കോടതി പറഞ്ഞതിന്റെ വിശദാംശങ്ങൾ നോക്കിയ ശേഷം മാത്രമെ പ്രതികരിക്കാനാവൂ എന്നാണ് ഇപി ജയരാജന്റെ പ്രതികരണം. താൻ നടത്തിയത് ആക്രമണമല്ലെന്നും പ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു.

''ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരന്മാരുടെ രൂപത്തിൽ വിമാനത്തിൽ കയറി ആക്രമണത്തിന് ശ്രമിക്കുമ്പോൾ സ്വാഭാവികമായി അതിനെ പ്രതിരോധിക്കാൻ സമാധാനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ചുമതലയുണ്ട്. ഞാൻ അവരെ തടഞ്ഞുനിർത്തുകയാണ് ചെയ്തത്. അവർക്ക് മുഖ്യമന്ത്രിയെ ആക്രമിക്കാൻ കഴിഞ്ഞില്ല. ആ സംഭവത്തിൽ പിന്നീട് അന്വേഷണം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുത്തിരുന്നു.''- ഇപി ജയരാജൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIGO, PROTEST, EP JAYARAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA