
തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 'മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ' എന്ന ഇടതുപക്ഷ പ്രചരണ മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രി പി രാജീവ്. ജനങ്ങൾക്കിടയിൽ അത് മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്. കംപ്യൂട്ടറിൽ ചെയ്യുന്നത് പോലെ 'അൺഡൂ' ചെയ്യാൻ ഇനി കഴിയില്ല. ഭാവിയിൽ ഇത്തരം സന്ദർഭങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ച് കൈകാര്യം ചെയ്യുമെന്നും പി രാജീവ് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ സർക്കാർ ഉടനടി തന്നെ നടപടിയെടുക്കേണ്ടതായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ നോക്കേണ്ടിയിരുന്നില്ലെന്നും വിലയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അവസാന അഞ്ച് വർഷങ്ങളിൽ പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കനത്ത പരാജയമുണ്ടായപ്പോൾ പാർട്ടി പരിശോധിച്ചില്ല എന്ന ആരോപണം തെറ്റാണ്. തോൽവിയുടെ കാരണം പരിശോധിച്ച് എങ്ങനെ മാറ്റം വരുത്താമെന്ന് പാർട്ടി ചർച്ച ചെയ്തിരുന്നു. പക്ഷേ എൽഡിഎഫ് ഭരണകാലത്തെ വികസനപ്രവർത്തനങ്ങൾ തോൽവിയെ മറികടക്കാൻ സഹായിക്കുമെന്ന് നേതൃത്വവും അംഗങ്ങളും വിചാരിച്ചിരുന്നു. എന്നാൽ ആ ധാരണ തെറ്റായിപ്പോയി.
ഇഎംഎസിന്റെ ലോകം എന്ന ദേശീയ സെമിനാറിനോടനുബന്ധിച്ച് 'നവോത്ഥാനം ജനാധിപത്യം വികസനം' എന്ന വിഷയത്തിൽ സംസാരിക്കുന്നതിനിടെയാണ് പി രാജീവ് നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയെ കുറിച്ച് സംസാരിച്ചത്. അമിത ആത്മവിശ്വാസവും നടപടികൾ എടുക്കേണ്ടതിലുളള കാലതാമസവുമാണ് ഇടതുപക്ഷത്തിന്റെ തോൽവിക്ക് പിന്നിലെ കാരണങ്ങളായി പാർട്ടി വിലയിരുത്തിയതെന്നാണ് അദ്ദേഹം സെമിനാറിൽ വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |