SignIn
Kerala Kaumudi Online
Thursday, 11 June 2026 11.03 PM IST

'വനംമന്ത്രിക്ക് വിവരമില്ല, മനുഷ്യജീവന് പാരയായാൽ വന്യജീവികളെ കൊല്ലണം, ഞങ്ങൾ പണ്ടേ ചെയ്യാറുണ്ട്'

READ ENGLISH VERSION
mm-mani

മൂന്നാർ: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന വിവാദ പ്രസ്‌താവനയുമായി സിപിഎം നേതാവ് എം എം മണി. വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും മണി കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിന് ഒറ്റമൂലി ഇല്ലെന്ന മന്ത്രിയുടെ പ്രസ്‌താവനയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ പ്രതികരിക്കുകയായിരുന്നു എം എം മണി.

'മനുഷ്യജീവന് പാരയായി നിൽക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക തന്നെ വേണം. ഒരു വഴിയുമില്ലെങ്കിൽ അവയെ കൊന്നുകളയുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഹൈറേഞ്ച് മേഖലയിൽ തങ്ങൾ പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടുകൊണ്ടാണ് വളർന്നത്. പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ല' - എം എം മണി പറഞ്ഞു.

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് മണിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടിരുന്നു. ഇതിൽ സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഎം.

വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് അടിയന്തര സഹായവും നഷ്‌ടപരിഹാരവും നൽകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേരത്തേ പ്രതികരിച്ചിരുന്നു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആറുപേരുടെ ജീവനാണ് നഷ്‌ടപ്പെട്ടത്. സംഭവത്തിൽ കുറച്ചുകൂടി ഉത്തരവാദിത്തപരമായ സമീപനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പിണറായി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MM MANI, WILD ANIMAL ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA