
ബംഗളൂരു: സ്വത്ത് തർക്കത്തിന്റെ പേരിൽ 75കാരിയെ മകളും ചെറുമകനും ചേർന്ന് കൊലപ്പെടുത്തി. ജയമ്മ എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജയമ്മയുടെ മകൾ ഭാഗ്യലക്ഷ്‌മി, ചെറുമകൻ വികാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ജൂൺ 21ന് രാത്രിയാണ് കൊലപാതകം നടന്നത്. പ്രതികൾ മദ്യത്തിന് അടിമകളാണെന്നും മദ്യം വാങ്ങാനായി സ്വത്ത് വിൽക്കാൻ തീരുമാനിച്ചതായും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മദ്യം വാങ്ങാൻ കുടുംബസ്വത്ത് വിൽക്കണമെന്ന് ഭാഗ്യലക്ഷ്‌മി ആവശ്യപ്പെട്ടെങ്കിലും ജയമ്മ ഇതിനെ എതിർത്തു. ഇവർ തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ വികാസെത്തി. തുടർന്ന് കയ്യാങ്കളിയായി. മരക്കഷ്‌ണം ഉപയോഗിച്ച് ജയമ്മയെ ഇരുവരും അടിച്ച് കൊലപ്പെടുത്തി. ശേഷം മരണവിവരം ഇവർ മറച്ചുവച്ചു.
മണിക്കൂറുകൾക്ക് ശേഷം വികാസ് അയാളുടെ സുഹൃത്തിനെ വിളിച്ച് മദ്യവുമായി വീട്ടിലെത്താൻ ആവശ്യപ്പെട്ടു. മുത്തശി മരിച്ചുപോയെന്നും വികാസ് അയാളോട് പറഞ്ഞിരുന്നു. സുഹൃത്ത് മദ്യവുമായെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ജയമ്മയെയാണ് കണ്ടത്. ഉടൻതന്നെ ഇയാൾ പൊലീസിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ശേഷം ഭാഗ്യലക്ഷ്‌മിയെയും വികാസിനെയും അറസ്റ്റ് ചെയ്‌തു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |