
മനില: ഇന്ത്യൻ ചെസ് രംഗത്ത് പുതിയചരിത്രപ്പിറവി. രാജ്യത്തെ ഗ്രാൻഡ് മാസ്റ്റർമാരുടെ എണ്ണം സെഞ്ച്വറിയിൽ. മദ്ധ്യപ്രദേശ് താരം അനുജ് ശ്രീവത്രിയാണ് ഇന്ത്യയുടെ നൂറാം ഗ്രാൻഡ് മാസ്റ്ററായത്. ഫിലിപ്പീൻസിൽനടന്ന ഏഴാമത് ആസിയാൻ പ്ലസ് ഇൻഡിവിഡ്യുവൽ ഓപ്പൺ ചെസ് ചാമ്പ്യൻപ്പിൽ കിരീടം നേടിയതോടെയാണ് അനുജ് ചെസിൽ ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്രവും വലിയ പദവിയെന്ന് വിശേഷിപ്പിക്കാവുന്ന ഗ്രാൻഡ് മാസ്റ്റർ പട്ടം നേടിയത്. മദ്ധ്യപ്രദേശിൽ നിന്നുള്ള അദ്യ ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടവും അനുജ് സ്വന്തമാക്കി.
കട്‌നി സ്വദേശിയായ 22കാരനായ അനുജ് ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ പരാജയം നേരിട്ടെങ്കിലും, പിന്നീട് മികച്ച പ്രകടനം നടത്തി 9 റൗണ്ടുകളിൽ നിന്ന് 7 പോയിന്റ് നേടിയാണ് ആസിയാൻ പ്ലസ് ഓപ്പണിൽ ചാമ്പ്യനായത്. 2020ൽ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടിയിരുന്നു.
നോട്ട് ദ പോയിന്റ്
സാധാരണയായി മൂന്ന് ജി.എം നോർമുകളും 2500 എലോ റേറ്റിംഗും സ്വന്തമാക്കിയാലേ ഗ്രാൻഡ്‌മാസ്റ്റർ പദവി ലഭിക്കൂ. എന്നാൽ ചില പ്രത്യേക അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കിരീടം നേടുന്ന കളിക്കാർക്ക് ഫിഡെയുടെ പ്രത്യേക നിയമപ്രകാരം നേരിട്ട് ഗ്രാൻഡ് മാസ്റ്റർ പദവി നൽകാറുണ്ട്.
ഇപ്രകാരം ആസിയാൻ പ്ലസ് ഓപ്പണിൽ ചാമ്പ്യനായ അനുജ് ഗ്രാൻഡ് മാസ്റ്ററായത്. ജൂണിൽ അദ്ദേഹം 2483 എന്ന തന്റെ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയിരുന്നു.
ഇന്ത്യയിൽ 76-ാം റാങ്കിലാണ് താരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |