
ടെൽ അവീവ്: സർക്കാർ രൂപീകരിക്കാൻ 28 ദിവസത്തെ സമയപരിധി ലഭിച്ചതോടെ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തെ പിളർത്താൻ പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്. 48 സീറ്റുള്ള ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യം,19 സീറ്റുള്ള അറബ് പാർട്ടികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിക്കാൻ ഇറങ്ങിയിരിക്കുന്നത്. എന്നാൽ,അറബ് സഹകരണം ഭാവിയിൽ രാഷ്ട്രീയത്തിരിച്ചടിക്ക് ഇടയാക്കുമെന്നതിനാൽ നെതന്യാഹു പക്ഷത്തെ പാർട്ടികളെ ഒപ്പംചേർത്ത് ഭൂരിപക്ഷമായ 61 സീറ്റ് തികയ്ക്കാൻ ഐസൻകോട്ട് ശ്രമിക്കുന്നത്.
യുണൈറ്റഡ് തോറ ജൂഡായിസം (യു.ടി.ജെ),ഷാസ് എന്നീ തീവ്ര ഓർത്തഡോക്സ് പാർട്ടികളെയാണ് ഐസൻകോട്ട് ഉന്നമിടുന്നത്. ഹരേദി ജൂതരുടെ പാർട്ടികളാണിത്. യു.ടി.ജെയ്ക്ക് ഏഴും ഷാസിന് ആറും സീറ്റുണ്ട്. നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാൻ യു.ടി.ജെ തയ്യാറായിരുന്നില്ല. നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഹരേദി യുവാക്കൾക്ക് ഇളവ് നൽകുന്ന നിയമം പാസാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
നെതന്യാഹു സഖ്യത്തിന് 53 സീറ്റ് ലഭിച്ചെങ്കിലും യു.ടി.ജെ ഇടഞ്ഞതോടെ 46 പേർ മാത്രമാണ് അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്. വിട്ടുവീഴ്ചകളും പദവികളും വാഗ്ദാനം ചെയ്താൽ തീവ്ര ഓർത്തഡോക്സ് പാർട്ടികളെ പിളർത്താമെന്ന് ഐസൻകോട്ട് കരുതുന്നു. എന്നാൽ,ഐസൻകോട്ട് സഖ്യത്തിലെ ഇടതുപക്ഷ നേതാക്കൾ ഇവരുമായി ഒത്തുപോകാനിടയില്ല.
ലികുഡ് പാർട്ടിയിൽ
ഭിന്നത
നെതന്യാഹു സഖ്യത്തിൽ, പ്രത്യേകിച്ച് 27 സീറ്റുള്ള അദ്ദേഹത്തിന്റെ ലികുഡ് പാർട്ടിയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ഇത് മുതലാക്കാൻ ഐസൻകോട്ടിന്റെ ശ്രമം
നെതന്യാഹുവിനെ ഒഴിവാക്കി,അദ്ദേഹത്തിന്റെ 'പാർട്ടി അംഗങ്ങളെ' ഐസൻകോട്ട് നേരിട്ട് അഭിസംബോധന ചെയ്തു. തന്റെ വിശാല - ദേശീയ സർക്കാരിന്റെ ഭാഗമാകാൻ ആഹ്വാനം. നെതന്യാഹു സഖ്യത്തിലെ റിലിജിയസ് സയണിസ്റ്റ് പാർട്ടിക്കും ക്ഷണം
ലികുഡിനെ ക്ഷണിച്ചതിലൂടെ നെതന്യാഹുവുമായി സഖ്യമുണ്ടാക്കുകയല്ല ഐസൻകോട്ടിന്റെ ലക്ഷ്യം. മറിച്ച്, മിതവാദികളായ വലതുപക്ഷ നേതാക്കളെ നെതന്യാഹുവിൽ നിന്ന് അടർത്തി ഒറ്റപ്പെടുത്താനുള്ള നീക്കമാണിത്. പ്രധാനമന്ത്രി പദത്തിൽ ഐസൻകോട്ട് വിട്ടുവീഴ്ച ചെയ്യില്ല
ആശങ്കയിൽ
നെതന്യാഹു
ഐസൻകോട്ടിന്റെ നീക്കങ്ങളിൽ ലികുഡ് പാർട്ടിക്കുള്ളിൽ ആശങ്ക ശക്തം. ഐസൻകോട്ടുമായി ധാരണയിലെത്തിയാൽ യു.ടി.ജെ സഖ്യം വിടും. പിന്നാലെ ഷാസും പോകും. ഇവരെ അനുനയിപ്പിക്കാൻ മന്ത്രിസഭയിലെ വിശ്വസ്തരെ നെതന്യാഹു ചുമതലപ്പെടുത്തി.
അറബ് പാർട്ടികളോട് എതിർപ്പ്
അറബ് സഹകരണത്തിനെതിരെ ഐസൻകോട്ട് സഖ്യത്തിലെ വലതുപക്ഷ നേതാക്കൾക്ക് കടുത്ത എതിർപ്പ്. ആശയപരമായും വിയോജിപ്പ്. ഇസ്രയേലിനെ ജൂത, ജനാധിപത്യ രാഷ്ട്രമായും ഹമാസിനെ ഭീകര സംഘടനയായും അംഗീകരിക്കണമെന്ന ഐസൻകോട്ടിന്റെ നിബന്ധനകളോട് അറബ് പാർട്ടികളും യോജിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |