SignIn
Kerala Kaumudi Online
Saturday, 06 June 2026 2.28 AM IST

നാടകം അവസാനിക്കാതെ കർണാടക; ചോദിച്ച വകുപ്പ് കിട്ടിയില്ല, മുതിർന്ന മന്ത്രി രാജിവച്ചു

READ ENGLISH VERSION
ramalinga-reddy

ബംഗളൂരു: അധികാരമേറ്റ് ദിവസങ്ങൾക്കകം കർണാടകയിൽ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്‌തിയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

ഡി കെ ശിവകുമാർ മന്ത്രിസഭ രൂപീകരിച്ച് രണ്ടാം ദിവസമാണ് ആഭ്യന്തര കലഹത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. ബംഗളൂരു വികസന വകുപ്പ് നൽകണമെന്നായിരുന്നു രാമലിംഗ റെഡിയുടെ ആവശ്യം. എന്നാൽ, ജലസേചന വകുപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിൽ നീരസം അറിയിച്ചുകൊണ്ട് രാമലിംഗ റെഡി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. ഇതേ തുടർന്നാണ് അദ്ദേഹം രാജിവയ്‌ക്കാൻ തീരുമാനിച്ചത്.

കർണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലൊന്നാണ് ബംഗളൂരു വികസന വകുപ്പ്. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോൾ ഈ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയപ്പോൾ ധനകാര്യ വകുപ്പ് നിലനിർത്തിയെങ്കിലും ബംഗളൂരു വികസന വകുപ്പ് ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ കൃഷ്‌ണ ബൈര ഗൗഡയ്‌ക്കാണ് ബംഗളൂരു വികസന വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്.

വാർത്താസമ്മേളനം വിളിച്ചുചേർത്ത ശേഷം ക്യാമറകൾക്ക് മുന്നിലാണ് രാമലിംഗ റെഡി തന്റെ രാജി പത്രത്തിൽ ഒപ്പുവച്ചത്. തുടർന്ന് ചോദിച്ച വകുപ്പ് ലഭിക്കാത്തതിലെ അമർഷം മാദ്ധ്യമപ്രവർത്തകരുമായി പങ്കുവച്ചു. 'ഇപ്പോൾ ഞാൻ തികച്ചും നിരാശനാണ്. ബംഗളൂരു വികസന വകുപ്പ് എനിക്ക് നൽകുമെന്ന് ഡി കെ ശിവകുമാർ വ്യക്തമായി പറഞ്ഞിരുന്നതാണ്'- രാമലിംഗ റെഡി വ്യക്തമാക്കി. 72 കാരനായ രാമലിംഗ റെഡി സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് ഗതാഗത, ഹിന്ദുമത എൻഡോവ്‌മെന്റ് മന്ത്രിയായിരുന്നു. നിലവിൽ കർണാടക കോൺഗ്രസിലെ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, DK SHIVAKUMAR, RESIGNS, MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360