
ന്യൂഡൽഹി: മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സമ്പൂർണ നാശത്തിലേക്കോ? ഇന്ന് പാർട്ടിയുടെ രാജ്യസഭാ എംപി ചിക് ബറൈക്ക് രാജിവച്ചു. ഇതോടെ അടുത്തദിവസങ്ങളിൽ രാജിവച്ച തൃണമൂൽ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി. പാർട്ടിയുടെ അസാമിൽ നിന്നുള്ള നേതാവും രാജ്യസഭാ എംപിയുമായ സുസ്മിത ദേവ് ഇന്നലെ രാജിവച്ചിരുന്നു. ബറൈക്കിന്റെ രാജിയോടെ രാജ്യസഭയിൽ പാർട്ടിയുടെ അംഗബലം 10 ആയി കുറയും. അടുത്ത ആഴ്ചയോടെ കൂടുതൽ തൃണമൂൽ എംപിമാർ പാർട്ടി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ പാർട്ടിയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
എംപിമാർ പാർട്ടിവിടുന്നത് തടയാൻ മമതാ ബാനർജി ഡൽഹിയിൽ തമ്പടിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഏശുന്നില്ല എന്നതിന് തെളിവാണ് കൂടുതൽ നേതാക്കൾ പാർട്ടിവിടുന്നത്. ഗുഡ്ബൈ പറഞ്ഞ് പിരിഞ്ഞവരിൽ കൂടുതൽപ്പേരും ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മമതയുടെ ഏറ്റവും വേണ്ടപ്പെട്ടവരായിരുന്നു. മമതയെയും തൃണമൂലിനെയും ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഇപ്പോൾ കാണുന്നതെന്നാണ് തൃണമൂൽ പറയുന്നത്.
അതിനിടെ,തൃണമൂൽ കോൺഗ്രസിന്റെ 28 ലോക്‌സഭാ എംപിമാരിൽ 19 പേർ ലോക്സഭയിൽ ബിജെപിക്ക് പിന്തുണ നൽകുന്ന പ്രത്യേക ബ്ളോക്കായി ഇരിക്കും. മൂന്നിൽ രണ്ട് എംപിമാർ മാറുന്നതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ താര പ്രചാരകരിൽ ഒരാളും ജാദവ്പൂർ എംപിയുമായ സയോണി ഘോഷും വിമത ഗ്രൂപ്പിലുണ്ട്.മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും മുൻ ബിജെപി നേതാവും ബോളിവുഡ് താരവുമായ ശത്രുഘ്‌നൻ സിൻഹയും മറുകണ്ടം ചാടിയെന്നാണറിവ്. വിമത നീക്കത്തിന് മുൻകൈയെടുത്ത കകോലി ഘോഷിന് കേന്ദ്ര സർക്കാർ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തി.
അതേസമയം, തൃണമൂലുമായി ലയനമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം "ഇന്ത്യ" മുന്നണി യോഗത്തിനായി ഡൽഹിയിലെത്തിയ മമതയും മരുമകൻ അഭിഷേക് ബാനർജിയും കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടതിന് പിന്നാലെയാണ് ലയന വാർത്ത പ്രചരിച്ചത്. തൃണമൂൽ ലയന താത്പര്യം അറിയിച്ചെന്നായിരുന്നു വാർത്ത.തൃണമൂൽ ബംഗാളിൽ അധികാരം നേടിയ 2011ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഹായമുണ്ടായിരുന്നു. അതിനുശേഷം ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണിയിൽ പ്രവർത്തിച്ചെങ്കിലും ബംഗാളിൽ ഇരുപാർട്ടികളും എതിർപക്ഷത്തായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |