
കാട്ടാക്കട: ബാങ്കോക്കിൽ നടക്കുന്ന 4ാമത് ഇന്റർനാഷണൽ റൈഫിൾ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ വെള്ളനാട് കണ്ണമ്പള്ളി ചേപ്പോട് കെ.എസ് മന്ദിരത്തിൽ എം.ജെ.തീർത്ഥ (15)യ്ക്ക് സെലക്ഷൻ ലഭിച്ചു. പക്ഷെ,യാത്രാചെലവിനും താമസത്തിനും ഭക്ഷണത്തിനുമൊക്കെയായി മൂന്നരലക്ഷത്തോളം ചെലവ് വരും. തീർത്ഥയ്ക്ക് ലഭിച്ച ഈ അവസരത്തിന് നാട് അഭിമാനിക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധി കാരണം ഈ അവസരം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കുടുംബം. കൂലിപ്പണിക്കാരനായ ടി.ജോളി യുടെയും മീഡിയാമോളുടെയും മകളായ തീർത്ഥ
വലിയതോപ്പ് സെന്റ് റോക്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അനുജത്തി ഇതേ സ്കൂളിലെ ഒന്നാം ക്ലാസുകാരി പുണ്യ. ഇരുവരുടെയും പഠനസൗകര്യാർത്ഥം വലിയതുറ സെന്റ് സേവ്യേഴ്സ് നഗറിലെ വാടകവീട്ടിലാണ് താമസം.
എയർഗൺ ഷൂട്ടിംഗിൽ അന്തർദേശീയതലത്തിൽ സ്വർണവും ദേശീയതലത്തിൽ വെള്ളിയും നേടിയിട്ടുണ്ട്. നാഷണൽ സ്ലിംഗ് ഷോട്ട് ചാമ്പ്യൻഷിപ്പിൽ സ്വർണവും നാഷണൽ റൈഫിൾ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. ബാങ്കോക്കിൽ സുവർണനേട്ടം കൈവരിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പണമില്ലാത്തതിനാൽ മത്സരം കൈവിട്ടുപോകുമോ എന്ന ആശങ്കയുമുണ്ട്.
സർക്കാരിന്റെയോ നാട്ടുകാരുടെയോ കനിവുണ്ടെങ്കിൽ അത് സാദ്ധ്യമാകും. സഹായമാവശ്യപ്പെട്ട് എം.എൽ.എ,എം.പി,വകുപ്പുമന്ത്രി തുടങ്ങിയവർക്ക് കത്തുനൽകിയെങ്കിലും ഇതേവരെ അനുകൂല നടപടിയുണ്ടായിട്ടില്ലെന്ന് തീർത്ഥയുടെ അമ്മ മീഡിയാമോൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |