ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ ഇനിയും അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങിയില്ല. മന്ത്രി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കകം അടച്ചുപൂട്ടിയ കെട്ടിടം ഇപ്പോഴും പ്രവർത്തനരഹിതമാണ്. അതേസമയം കെട്ടിടം അടച്ചുപൂട്ടി കിടക്കുകയാണെന്ന മാദ്ധ്യമ വാർത്തകളെ തുടർന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജനറൽ ഒ.പി എന്ന പേരിൽ പുതിയ കെട്ടിടത്തിൽ ആരംഭിച്ച സേവനം ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. ജനറൽ ഒ.പിയിലെ ഡോക്ടറെ കൊണ്ടുവന്ന് പുതിയ ബ്ലോക്കിൽ ഇരുത്തി രോഗികളെ പരിശോധിക്കാനാണ് ശ്രമം നടത്തിയത്. പഴയ ബ്ലോക്കിൽ നിന്ന് ഒ.പി ടിക്കറ്റെടുത്ത് അത്യാഹിത വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടശേഷം വീണ്ടും മരുന്ന് വാങ്ങാൻ പഴയ ബ്ലോക്കിലേക്ക് തന്നെ നടന്നുപോകണമെന്നുള്ളത് രോഗികളെയും ബന്ധുക്കളെയും വലച്ചു. എമർജൻസിയിൽ ചികിത്സ തേടി എത്തുന്ന രോഗികളെ പരിശോധിക്കാൻ വേണ്ടിയാണ് അത്യാഹിത വിഭാഗം ബ്ലോക്ക് എന്നുള്ള കാര്യം വിസ്മരിച്ച സ്ഥിതിയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് തൃശൂർ ഡി.എം.ഒ അറിയിച്ചു.
അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് താലൂക്ക് ആശൂപത്രി സൂപ്രണ്ട് ഡോ. എ. ഷാജ്കുമാർ അറിയിച്ചു. പ്രവർത്തനം ഇതുവരെ തുടങ്ങാനാകാത്തതിൽ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |