
കിളിമാനൂർ: കാട്ടുപന്നി ശല്യവും കാലാവസ്ഥ വ്യതിയാനവും തൊഴിലാളികളുടെ ലഭ്യതക്കുറവും കാരണം കൃഷിയിൽ നിന്ന് നെൽകർഷകർ പിൻവലിഞ്ഞതോടെ അടയമണിലെ നെൽപാടങ്ങൾ തരിശാകുന്നു. പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നാണ് അടയമണിലേത്. ഏകദേശം 32 ഏക്കറോളം കൃഷിചെയ്തിരുന്നിടത്ത് ഇപ്പോൾ 18 ഏക്കറിൽ മാത്രമാണ് കൃഷി. ഒന്നാം വിള കൃഷി വെള്ളക്കെട്ടും കൊയ്ത്തു മെഷിനിന്റെ ലഭ്യത കുറവും കാരണം കൃഷി മുടങ്ങിയതിനാൽ രണ്ടാം വിള കൃഷി മാത്രമാണ് ചെയ്തത്. ആയിരം കിലോയോളം നെല്ല് സപ്ലെെകോയിൽ നൽകിയിരുന്ന പാട ശേഖരമാണിത്. വരമ്പൊരുക്കൽ,കന്ന്പൂട്ട്,നടവ്,എല്ലാം കൂടി അൻപതിനായിരം രൂപയോളം ചെലവാകും.എല്ലാം കൂടി തിരികെ കിട്ടുന്നത് പകുതിയിൽ താഴെ മാത്രമാണ്. മിക്കവരും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരുമാണ്.
അധികൃതരും കൈയൊഴിഞ്ഞു
പ്രതികൂല കാലാവസ്ഥ,സാമ്പത്തിക പ്രതിസന്ധി,താങ്ങാനാവാത്ത ജോലിക്കൂലി ഓക്കെയും മറികടന്നാണ് ഇവർ കൃഷിയിറക്കുന്നത്. കൊയ്യാൻ പാകമാകുമ്പോഴേക്കും കാട്ടുപന്നികൾ കൂട്ടത്തേടെയെത്തി ചേറിൽ ചവിട്ടിമെതിച്ച് നശിപ്പിക്കും. കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടാൽ പോംവഴികൾ കാണാതെ അധികൃതരും കൈയ്യൊഴിയുകയാണ്.
പാടശേഖരങ്ങളോട് ചേർന്നുള്ള വയലുടമകൾ നെൽകൃഷി നിറുത്തി പകരം വാഴയും ചീരയുമൊക്കെ നടാൻ തുടങ്ങിയതോടെ കാട്ടുപന്നികൾ സമീപത്തെ ഏലായിലേക്കും ഇറങ്ങി
പരമ്പരാഗത കർഷക തൊഴിലാളികളുടെ അഭാവം നെൽകൃഷിയെ പിറകോട്ടാക്കുന്നു. വയൽ വരമ്പ് ഒരുക്കൽ,കള പറിക്കൽ,നടീൽ തുടങ്ങിയവയ്ക്ക് ആളെ കിട്ടാനില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |