SignIn
Kerala Kaumudi Online
Tuesday, 03 November 2026 10.21 PM IST

17കാരന്റെ കൊലപാതകം; ഗുണ്ട  ഉമറിന്റെ  പെൺസുഹൃത്തും കസ്റ്റഡിയിൽ

READ ENGLISH VERSION
abhiram
കൊല്ലപ്പെട്ട അഭിറാം

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥി എ ഡി അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഗുണ്ട ഉമറിന്റെ പെൺസുഹൃത്തും ആക്കുളം സ്വദേശിയുമായ ഐശ്വര്യയെയാണ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തെക്കുറിച്ച് ഈ പെൺസുഹൃത്തിന് അറിവുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരനെയും പെൺസുഹൃത്തായ അനന്തയെയും (18) ഉമർ (21) എന്ന ഗുണ്ടയെയുമാണ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരൻ കേസിൽ ഒന്നാം പ്രതിയും ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്. പ്രണയപ്പകയാണ് കൊലപാതകത്തിന്റെ കാരണം. പതിനേഴുകാരനാണ് അഭിറാമിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഉമറിനെയാണ് മൃതദേഹം മറവുചെയ്യാൻ വിളിച്ചത്.

അനന്തയുടെ ഫോൺ ഉപയോഗിച്ചാണ് അഭിരാമിനെ കൊലപാതകം നടന്ന പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് വിവരം. അഭിറാമിന്റെ സുഹൃത്തിനെ കൊല്ലാനാണ് പതിനേഴുകാരൻ പദ്ധതിയിട്ടത്. അഭിറാമിനെ ഭീഷണിപ്പെടുത്തി സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ അഭിറാം വിളിച്ചിട്ടും സുഹൃത്ത് വന്നില്ല. ഇതോടെയാണ് അഭിറാമിനെ കൊലപ്പെടുത്തിയത്. മുൻ കാമുകിയുമായുള്ള തർക്കം കാരണമാണ് പതിനേഴുകാരൻ കൊലപാതകം ആസൂത്രണം ചെയ്തത്.

ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരൻ വിളിക്കുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ അഭിറാം തിരിച്ചെത്താത്തിനാൽ പിതാവ് ഫോണിൽ വിളിച്ചപ്പോൾ ഉടനെ എത്തുമെന്നായിരുന്നു മറുപടി. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ പിതാവും ബന്ധുക്കളും ശ്രീകാര്യം പൊലീസിൽ പരാതി നൽകി.

സൈബർ സെൽ മുഖേന അഭിറാമിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇൻസ്റ്റാഗ്രാം വഴി ഒരു പെൺകുട്ടിയുടെ ശബ്ദത്തിൽ വിളിച്ചതനുസരിച്ചാണ് വീട്ടിൽനിന്ന് പോയതതെന്ന് മനസിലാക്കി. തുടർന്ന് ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്തു. ഇവരിൽനിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 17 വയസുകാരനടക്കം രണ്ട് പേരെയും പെൺകുട്ടിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. തുടർന്നാണ് നിർണായക വിവരം ലഭിച്ചത്.

അഭിറാമിനെ വിളിച്ചുവരുത്തി ചവിട്ടിവീഴ്ത്തിയശേഷം കൊലപ്പെടുത്തി, മൃതദേഹം പാങ്ങപ്പാറ പേരൂർ ജംഗ്ഷന് സമീപം ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് പൊലീസ് മൃതദേഹം കണ്ടെത്തി.

English Summary

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥി എ ഡി അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഗുണ്ട ഉമറിന്റെ പെൺസുഹൃത്തും ആക്കുളം സ്വദേശിയുമായ ഐശ്വര്യയെയാണ് കസ്റ്റഡിയിലെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIRAM MURDER CASE, THIRUVANANTHAPURAM CRIME, AD ABHIRAM, UMAR GANGSTER, PANGAPPARA MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA