
കോട്ടയം : കളിചിരികളാൽ നിറയേണ്ട പ്രായത്തിൽ കൗമാരക്കാരുടെ കൈകളിൽ വിലങ്ങുവീഴുന്ന വാർത്തകളാണ് സമീപകാലത്തായി ഏറെയും കേൾക്കുന്നത്. മോഷണം, മയക്കുമരുന്ന്, കൊലപാതക കേസുകളിൽ വരെ ഇവർ പ്രതികളാകുന്നു. സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ് വന്ന് ഒരു ഒൻപതാം ക്ലാസുകാരനെ ഭയത്തിന്റെ നിഴലിലാക്കി, ഒടുവിൽ ഒരു കുടുംബത്തിന്റെ സമ്പാദ്യം മുഴുവൻ കവർന്നെടുത്ത പാമ്പാടി സംഭവം വലിയ ആശങ്കകളാണ് ഉയർത്തുന്നത്. വിലകൂടിയ ഫോണുകളും വലിയ ബൈക്കുകളും സ്വന്തമാക്കാനുള്ള അത്യാഗ്രഹത്തിൽ, മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ കുട്ടിയെക്കൊണ്ട് വീട്ടിലെ അലമാരയിൽ നിന്ന് 24 പവനിലധികം സ്വർണം എടുപ്പിച്ചത്.
പഠനത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ കുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്ന ചിലർ പിന്നീട് ഈ ബന്ധം ദുരുപയോഗം ചെയ്യുന്നു. പണം കണ്ടെത്തുന്നതിനായും ആഡംബര ജീവിതത്തിനായും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരാണ് ഏറെയും. ആദ്യം ചെറിയ തുകകൾ ചോദിച്ചാണ് തുടക്കം. പിന്നീട് ഇത് വലിയ തുകകളിലേക്കും ഭീഷണിയിലേക്കും വഴിമാറും. സ്വകാര്യ ചിത്രങ്ങൾ, സന്ദേശങ്ങൾ, വ്യക്തിവിവരങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞും ഭയപ്പെടുത്തും.
കാരണങ്ങൾ പലത്
ലഹരിവസ്തുക്കളുടെ ഉപയോഗം
കൗമാരക്കാരെ പെട്ടെന്ന് കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്നതിൽ മയക്കുമരുന്നിനും മദ്യത്തിനും വലിയ പങ്കുണ്ട്.
കുടുംബ പശ്ചാത്തലം
മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ, സ്‌നേഹക്കുറവ്, കുട്ടികളെ കൃത്യമായി ശ്രദ്ധിക്കാതിരിക്കൽ എന്നിവ കുട്ടികളിൽ മാനസികമായ അസ്വസ്ഥതകളും അക്രമവാസനയും ഉണ്ടാക്കുന്നു
കൂട്ടുകെട്ടുകൾ
തെറ്റായ സുഹൃദ്ബന്ധങ്ങൾ വഴി കുട്ടികൾ എളുപ്പത്തിൽ കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.
സോഷ്യൽ മീഡിയയും ഗെയിമുകളും
അമിതമായ അക്രമം നിറഞ്ഞ വീഡിയോ ഗെയിമുകളും സിനിമകളും കാണുന്നത് വഴി അക്രമം ഒരു സ്വാഭാവിക കാര്യമാണെന്ന തോന്നൽ ഉണ്ടാകുന്നു
സാമ്പത്തിക ബുദ്ധിമുട്ടുകൾ
ദാരിദ്ര്യവും ആഡംബര ജീവിതത്തോടുള്ള മോഹവും മോശം വഴികളിലൂടെ പണമുണ്ടാക്കാൻ കൗമാരക്കാരെ പ്രേരിപ്പിക്കുന്നു.
രക്ഷിതാക്കൾ ശ്രദ്ധിക്കണം
കുട്ടികൾ പെട്ടെന്ന് പണം ആവശ്യപ്പെടുക
വീട്ടിലെ പണവും ആഭരണങ്ങളും കാണാതാകുക
മൊബൈൽ ഫോൺ ഉപയോഗത്തിൽ രഹസ്യസ്വഭാവം
പഠനത്തിലും ഉറക്കത്തിലും ശ്രദ്ധയിലും മാറ്റമുണ്ടാകുക
അപരിചിതരോടും, സമപ്രായക്കാരല്ലാത്തവരുമായുള്ള കൂട്ടുകെട്ട്
കുട്ടികൾ ഭയം വെടിഞ്ഞ് മാതാപിതാക്കളോട് എല്ലാ കാര്യങ്ങളും പറയണം. ശകാരിക്കുന്നതിന് പകരം കാരണങ്ങൾ കണ്ടെത്തി തിരുത്തണം.
( പൊലീസ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |