കോട്ടയം: കഴിഞ്ഞ ദിവസം പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ച കൃപ മെറിൻ കുര്യനും ആഷ്‌ലി ആൻ തോമസും സ്കൂൾ പഠനകാലം മുതൽ ഉറ്റസുഹൃത്തുക്കളായിരുന്നു. പഠനത്തിനുശേഷം ഓസ്ട്രേലിയയിലേക്ക് പോയ കൃപ അവധിക്ക് നാട്ടിലെത്തിയാൽ ആഷ്‌ലിയെ കാണാനാണ് ആദ്യമെത്തുക. ഇന്നലെ കാനത്തുള്ള മറ്റൊരു സുഹൃത്തിനെ കാണാൻ പോകുന്നതിനിടെയാണ് മരണം ഇരുവരെയും കവർന്നെടുത്തത്.
ഇന്നലെ കാറുമായാണ് ആഷ്‍ലിയുടെ വീട്ടിൽ കൃപ എത്തിയത്. തുടർന്നുള്ള യാത്ര ഇരുവരും സ്കൂട്ടറിലാക്കി. വീതി കുറഞ്ഞ റോഡിൽ മുന്നിൽ പോയ കാർ പെട്ടെന്ന് വേഗം കുറച്ചപ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് രണ്ടുപേരും ബസിന്റെ അടിയിലേക്കു വീണത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ബസ് ദേഹത്തുകൂടി കയറിയിറങ്ങിയത് മരണത്തിന് കാരണമായി.
വിദേശത്തുപോയെങ്കിലും ഇടവകപ്പള്ളിയിലെ പെരുന്നാളിന് കൃപ നാട്ടിലെത്തുമായിരുന്നു. കൃപയുടെ പിതാവ് വികാരിയായ കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിലെ പെരുന്നാൾ 24,25 തീയതികളിലാണ്. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന സഹോദരൻ കിരണിനൊപ്പം 19-ാം തീയതി പുലർച്ചെയാണു കൃപ നാട്ടിലെത്തിയത്. പെരുന്നാളിന് ധരിക്കുന്നതിനായി പുതിയ വസ്ത്രങ്ങളും കൃപ വാങ്ങിവച്ചിരുന്നു. തിരികെ ഓസ്ട്രേലിയയിലേക്ക് പോകുന്നതിനായുള്ള ടിക്കറ്റ് നവംബർ 16ലേക്കാണ് ബുക്ക് ചെയ്തിരുന്നത്. നവംബർ 23ന് തന്റെ 25-ാം ദിനം ആഘോഷിക്കാനിരിക്കെയാണ് കൃപയുടെ അപ്രതീക്ഷിത വിയോഗം.
ഐസിസിഎ കോഴ്സ് ഈയിടെയാണ് ആഷ്‌ലി പൂർത്തിയാക്കിയത്. ആഷ്‌ലിയുടെ വിജയം ആഘോഷിക്കാൻ സുഹൃത്തുക്കൾ കേക്കുമായെത്തിയപ്പോഴാണ് പ്രിയപ്പെട്ടവളുടെ മരണവാർത്ത അറിയുന്നത്. ആഷ്ലിയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും മരണവാർത്ത ആദ്യം അറിയിച്ചിരുന്നില്ല. ഇതിനിടെയാണ് കൂട്ടുകാരികൾ അപകട വിവരമറിയാതെ കേക്കുമായി എത്തിയത്. തുടർന്ന് ബന്ധുക്കൾ കൂട്ടുകാരികളെ ആഷ്‌ലിയുടെ മരണവാർത്ത അറിയിച്ച് മടക്കി അയക്കുകയായിരുന്നു.
Krupа Merin Kurian and Ashley Ann Thomas, childhood best friends, died in a tragic bus accident at Pathimoonnam Mile, Pampady, Kottayam. Krupa, who worked in Australia, had returned home for a church festival and was preparing to celebrate her 25th birthday. The tragedy unfolded while they travelled on a scooter to visit another friend.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |