കോട്ടയം : ക്രിസ്‌മസിന് ഒന്നര മാസത്തിലേറെ ശേഷിക്കുമ്പോഴും കോഴിമുട്ട വില റെക്കാഡിലേക്ക്. ചില്ലറ വില ഒമ്പത് മുതൽ പത്തുരൂപ വരെയായി. മൊത്ത വില 7. 50 മുതൽ എട്ടുരൂപ വരെയായി. നാടൻ കോഴിമുട്ട വില 12 ന് മുകളിലോട്ടോണ്.
കോഴിത്തീറ്റ വില വർദ്ധനയാണ് ഇതിന് കാരണമായി പറയുന്നത്. ഒരുവർഷം മുമ്പ് 50 കിലോ കോഴിത്തീറ്റയ്ക്ക് 1200 രൂപയായിരുന്നത് ഇപ്പോൾ 2760 വരെ ഉയർന്നു. തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യതക്കുറവാണ് കാരണം.
ബ്രോയിലർ കോഴിക്കുഞ്ഞുങ്ങൾക്കു തുടക്കത്തിൽ നൽകുന്ന ബി.പി.എസ്.സിയ്ക്ക് 2600 ഉം, 20 ദിവസം കഴിഞ്ഞു നൽകുന്ന ബി.എസ്.സിയ്ക്ക് 2580, മുട്ടക്കോഴിയുടെ തീറ്റയായ എൽ.എം.എസിന് 1800 എന്നിങ്ങനെയാണ് മൊത്തവില. ചില്ലറ വില ഇതിലും കൂടും. തമിഴ്നാട്, ആഡ്ര കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കോഴിത്തീറ്റ പ്രധാനമായും കേരളത്തിൽ എത്തുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ കേരളത്തിൽ കോഴിത്തീറ്റ ഉത്പാദന കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ അന്യസംസ്ഥാന ലോബിയ്ക്ക് എത്ര വിലയും ഈടാക്കാം. സർക്കാർ ഇടപെടലുമില്ല.
കോഴിക്കുഞ്ഞ് വിലയും കൂടി
രണ്ടു മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ഗ്രാമസഭ വഴി വിതരണം ചെയ്യുന്ന പദ്ധതിയിൽ ഒരു കോഴിക്കുഞ്ഞിന് 130 രൂപയായിരുന്നു കർഷകർക്ക് കിട്ടിയിരുന്നത്. ഇത് 140 ആയി ഉയർത്തി പ്രഖ്യാപനമുണ്ടായെങ്കിലും പഴയ തുകയിൽ ഇനിയും മാറ്റം വന്നിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. സർക്കാർ ഫാമിൽ നിന്ന് ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് 25 രൂപയ്ക്ക് നൽകിയിരുന്നത് 30 ആയി ഉയർത്തി.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമ്മാണത്തിനും മറ്റും മുട്ട വാങ്ങി സംഭരിക്കുന്നതിനാൽ ആവശ്യകത കൂടിയിട്ടുണ്ട്.
ആരോഗ്യ സംരക്ഷണത്തിന് മുട്ട കഴിക്കുന്നവരുടെ എണ്ണം കൂടിയതും വിലവർദ്ധനവിന് കാരണമായി
''കോഴി കർഷകരെ സഹായിക്കാൻ സർക്കാർ ഉടമസ്ഥതയിൽ തീറ്റ ഉത്പാദന കേന്ദ്രങ്ങൾ തുടങ്ങുകയോ സ്വകാര്യ കേന്ദ്രങ്ങളിൽ ഉത്പാദിക്കുന്നവർക്ക് ഏകീകൃത വില ഉറപ്പാക്കുകയോ വേണം.
സഹദേവൻ (കോഴി കർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |