ചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റവന്യു വകുപ്പിലും സേവനങ്ങൾ വേഗത്തിലും സുതാര്യവുമാക്കാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. 'സേവനങ്ങൾ വിരൽത്തുമ്പിൽ' എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും പേനയും കടലാസുമായി കയറിയിറങ്ങണമെന്നാണ് അവസ്ഥ.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചാലും തുടർനടപടികൾ അറിയാൻ ഓഫീസുകളെ ആശ്രയിക്കണം. അപേക്ഷകളിലെ ചെറിയ പിഴവുകൾ തിരുത്താനും ആവശ്യമായ രേഖകൾ സമർപ്പിക്കാനും പലതവണ ഓഫീസിലെത്തേണ്ട സാഹചര്യമുണ്ട്. ഇന്റർനെറ്റ് സൗകര്യങ്ങൾ പരിമിതമായ ഗ്രാമീണ മേഖലയിലുള്ളവർക്കും സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാർക്കുമാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടാകുന്നത്.
റവന്യു വകുപ്പിൽ ഭൂനികുതി അടയ്ക്കാനുള്ള കാലതാമസം, പോക്കുവരവ് നടപടികളിലെ താമസം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ഡിജിറ്റൽ സർവേയും എന്റെ ഭൂമി പോർട്ടലുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയാണ് ഉയരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന കാര്യങ്ങൾക്കായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പിന്നാലെ നടക്കേണ്ട അവസ്ഥയുണ്ട്. ഫ്രണ്ട് ഓഫീസ് പ്രവർത്തനം അവതാളത്തിലായതാണ് ഇതിനു കാരണം. അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയുന്നതിനും വിവിധ ആവശ്യങ്ങൾക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ടെത്താനും പൊതുജനങ്ങൾ വലയുന്നു.
ഓൺലൈൻ സേവനങ്ങൾ നടപ്പാക്കുന്നതോടൊപ്പം അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും ഭരണ സംവിധാനത്തിനുണ്ട്. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുക, പൊതുജനങ്ങൾക്ക് വ്യക്തമായ നിർദേശങ്ങൾ നൽകുക, ഓഫീസുകളിൽ സഹായകേന്ദ്രങ്ങൾ കാര്യക്ഷമമാക്കുക എന്നിവർയിൽ അധികൃതർ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്നാണ് പരാതി.
എന്തിനും ഏതിനും കാലതാമസം
റവന്യു വകുപ്പുമായി ഓൺലൈൻ സംവിധാനം വഴി ഭൂനികുതി അടയ്ക്കുന്നതിലും പോക്കുവരവ് പൂർത്തിയാക്കുന്നതിലും വലിയ കാലതാമസം
ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട പരാതികളും 'എന്റെ ഭൂമി' പോർട്ടലിലെ സാങ്കേതിക തകരാറുകളും വസ്തു ഉടമകളെ വലയ്ക്കുന്നു
വിദ്യാർഥികൾക്ക് ആവശ്യമായ വിവിധ സാക്ഷ്യപത്രങ്ങൾ സമയബന്ധിതമായി ലഭിക്കാത്തത് ഉപരിപഠനത്തെ ബാധിക്കുന്നു
പൊതുജനങ്ങളെ സഹായിക്കാൻ വിവിധ ഓഫീസുകളിൽ ആരംഭിച്ച ഫ്രണ്ട് ഓഫീസ് സംവിധാനങ്ങൾ പലേടത്തും പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. അപേക്ഷകളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാൻ ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ കഴിയുന്നില്ല
അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കൽ നടക്കുന്നില്ല
സംശയനിവാരണത്തിന് വ്യക്തമായ നിർദേശങ്ങളും ഹെൽപ്പ് ലൈൻ സംവിധാനങ്ങളും വേണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |