കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ വീണ്ടും വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 2,508 പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗികളുടെ എണ്ണം ഇതിലും ഉയരും. ഡെങ്കിപ്പനിക്കൊപ്പം ഒരിടവേളയ്ക്ക് ശേഷം എലിപ്പനിയും വീണ്ടും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
മഴ ശക്തമായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നിലവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരും രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരും ഉൾപ്പടെ 30 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ചിതറ, കിളികൊല്ലൂർ, കുളക്കട, ഓച്ചിറ, പരിപ്പള്ളി, വാടി എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
നേരത്തേ ശക്തികുളങ്ങര, മുണ്ടയ്ക്കൽ, ചവറ, ചടയമംഗലം എന്നിവിടങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ നെടുമൺകാവിൽ ഒരാൾക്ക് എലിപ്പനിയും തലവൂരിൽ ഒരാൾക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു. നിലമേൽ, വള്ളിക്കാവ്, മയ്യനാട് തുടങ്ങിയ പ്രദേശങ്ങളിലും രണ്ടാഴ്ചയ്ക്കിടെ ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
പനിക്ക് പുറമെ മറ്റ് ജലജന്യ, വൈറസ് രോഗങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മീസിൽസ്, ഇൻഫ്ലുവൻസ എന്നിവയ്ക്കൊപ്പം ചിക്കൻപോക്സ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ ഉറപ്പാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും വീടും പരിസരവും വെള്ളം കെട്ടിനിൽക്കാത്തവിധം സൂക്ഷിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ജോലിക്കിറങ്ങുന്ന കർഷകരും തൊഴിലാളികളും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം.
മുൻകരുതൽ പ്രധാനം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ ഉറപ്പാക്കുക
വീടും പരിസരവും വെള്ളം കെട്ടിനിൽക്കാതെ ശുചിയായി സൂക്ഷിക്കുക
വെള്ളക്കെട്ടുകളിൽ ജോലിക്കിറങ്ങുന്നവർ കൈയുറകളും ബൂട്ടും ധരിക്കുക
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം.
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |