കൊല്ലം: ഇത്തിക്കര ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള കല്ലുവാതുക്കൽ പഞ്ചായത്തിലെ അങ്കണവാടിയിൽ മൂന്ന് വയസുകാരന് മർദ്ദനമേറ്റെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അങ്കണവാടി വർക്കറെ ചുമതലകളിൽ നിന്ന് മാറ്റി. സംഭവത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കല്ലുവാതുക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ 98-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. അങ്കണവാടിയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ കുട്ടിയെ അദ്ധ്യാപിക മർദ്ദിച്ചെന്നും ചെവിയിൽ പരിക്കേൽപ്പിച്ചെന്നുമായിരുന്നു പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ട മന്ത്രി ബിന്ദുകൃഷ്ണ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇത്തിക്കര ശിശുവികസന പദ്ധതി ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൊഴിയിലും പരിശോധനയിലും മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. കുട്ടിയുടെ ചെവിയിൽ നഖംകൊണ്ടുണ്ടായ മുറിവുകളും ഉണ്ടായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അങ്കണവാടി വർക്കർ ശ്രീജാകുമാരിയെ അന്വേഷണ വിധേയമായി മാറ്റിനിറുത്താൻ മന്ത്രി ഉത്തരവിടുകയായിരുന്നു.
അങ്കണവാടികൾ കുട്ടികൾക്ക് സുരക്ഷിതവും സ്നേഹപൂർണവുമായ അന്തരീക്ഷം ഉറപ്പാക്കേണ്ട ഇടങ്ങളാണ്. ഇത്തരം സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തുടർനടപടി സ്വീകരിക്കും.
ബിന്ദുകൃഷ്ണ, മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |