SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

'ഭിന്നതയെന്നത് ചിലർ ഉണ്ടാക്കുന്ന പ്രചരണം';  സ്റ്റിയറിംഗ് കമ്മിറ്റി പതിവ് നടപടിക്രമം: മുസ്ലിം ലീഗ്

news
കേരള കൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത

കണ്ണൂർ: മുസ്ലിം ലീഗിന്റെ കോർപ്പറേഷൻതല സ്റ്റിയറിംഗ് കമ്മിറ്റിയിൽ മേയർക്കും ലീഗ് കൗൺസിലർമാർക്കുമെതിരെ വിമർശനമുയർന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഡെപ്യൂട്ടി മേയറും ലീഗ് നേതാവുമായ കെ.പി. താഹിർ. സ്റ്റിയറിംഗ് കമ്മിറ്റി പുതിയതല്ലെന്നും പാർട്ടിയുടെ സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി യോഗത്തിലെ ചർച്ചകൾ സംബന്ധിച്ച വാർത്തകൾ വന്നതിനു പിന്നാലെയായിരുന്നു പ്രതികരണം.
വഴിയോരക്കച്ചവടവുമായി ബന്ധപ്പെട്ട് 'ലീഗ് കോർപ്പറേഷന് മുന്നറിയിപ്പ് നൽകി' എന്ന മട്ടിലുള്ള വാർത്തകൾ അസംബന്ധമാണെന്ന് താഹിർ പറഞ്ഞു. മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചില ഉദ്യോഗസ്ഥർ തെരുവോരക്കച്ചവടക്കാരോട് മോശമായി പെരുമാറുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത് ആവർത്തിക്കരുതെന്നാണ് പാർട്ടി പറഞ്ഞത്. ലീഗ് ജില്ലാ പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിൽ വിഷയം ചർച്ചയായതിനെത്തുടർന്നാണ് ഈ തീരുമാനം. എല്ലാ ഉദ്യോഗസ്ഥരും അങ്ങനെയല്ലെന്നും, മോശമായി പെരുമാറിയെന്ന റിപ്പോർട്ടുണ്ടായ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ആവർത്തിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജനാധിപത്യ പാർട്ടിയെന്ന നിലയിൽ സ്വാഭാവികവും ക്രിയാത്മകവുമായ വിമർശനങ്ങൾ ഉണ്ടാകുമെന്നും അവ തിരുത്താനാണ് യോഗം ചേരുന്നതെന്നുമായിരുന്നു വിശദീകരണം. കോർപ്പറേഷൻ ഭരണത്തിൽ പാർട്ടി പൂർണ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും താഹിർ അവകാശപ്പെട്ടു.

കഴിഞ്ഞ രണ്ടുമൂന്നു മാസം ദസറ മാത്രമായി ഒതുങ്ങിയെന്ന വിമർശനവും താഹിർ തള്ളി. മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് തുടങ്ങിയ ദസറ ഓരോ വർഷവും വിപുലമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. നവംബർ - ഡിസംബറിലാണ് സാധാരണ റോഡ് ടാറിംഗ് നടക്കേണ്ടത്. കഴിഞ്ഞ ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വന്നതോടെ, സൈറ്റ് കൈമാറിയ റോഡുകളുടെ പോലും പണി തുടങ്ങാനായില്ല. അന്ന് എൻജിനീയറിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ പണി തുടങ്ങാൻ അനുവദിച്ചില്ലെന്നും അത് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL