കണ്ണൂർ: വാഹനാപകടങ്ങളിൽ കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയിൽ ജീവൻ നഷ്ടപ്പെട്ടത് ഒമ്പത് പേർ. ഒക്ടോബർ ഒന്നു മുതലുള്ള കണക്കാണിത്. 40ഓളം പേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലുമായി.
ഏറ്റവുമൊടുവിൽ കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ ആഡൂർ പാലത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ മുണ്ടയാട് വയൽപുരയിൽ പി. സരസനാണ് (54) മരണപ്പെട്ടത്. സ്വകാര്യ ബസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഒന്നിനാണ് കൂത്തുപറമ്പ് പഴയനിരത്ത് റോഡ് ജംഗ്ഷനു സമീപമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കാര്യാട്ടുപറമ്പ് സ്വദേശി കെ.പി നബീൽ (29) മരണപ്പെട്ടത്. മൂന്നിന് നടുവിൽ മണ്ടളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് മണ്ടളം സ്വദേശി ശാന്ത (76) മരണപ്പെട്ടു. അന്നുതന്നെയാണ് ആലക്കോട് കൂളാമ്പിയിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടത്. 11ന് മട്ടന്നൂർ ചാവശേരി പഴയ പോസ്റ്റോഫിസിന് സമീപം സകൂട്ടറിടിച്ച് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ കണിയാംപറമ്പിൽ എൻ. ഗോപാലൻ (74) മരണപ്പെട്ടു. 15നാണ് വ്ളോഗറായ ശിവത്തിൽ അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച ബൈക്കിൽ നടാൽ ദേശീയപാതയിൽ വച്ച് കാറിടിച്ച് അപകടമുണ്ടായത്. ഇരുവരും മരണപ്പെട്ടു.
17ന് ശ്രീകണ്ഠാപുരം കൊട്ടൂർ വയലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിയായ ചെങ്ങളായി ചേരൻകുന്നിലെ എൻ.എസ് അഭിഷേക് മരണപ്പെട്ടു. 22ന് പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ പ്രഭാത സവാരിക്കിടെ അടുത്തില സ്വദേശി സുലോചന(52) വാഹനമിടിച്ചു മരിച്ചു. ഈ റോഡിൽ തന്നെയാണ് ഒൻപതിന് ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക് പറ്റിയത്. 26ന് ഇരിട്ടി പടിയൂരിൽ ചെങ്കൽ കയറ്റിവന്ന ലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിച്ചുകയറി കാബിനിൽ കുടുങ്ങി ഡ്രൈവർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉളിക്കൽ പുറവയൽ സ്വദേശി ഷാജിയാണ് മരണപ്പെട്ടത്.
അപകടങ്ങൾക്ക് പിന്നിൽ
1. മോട്ടോർ വാഹന വകുപ്പിന്റെ വാഹനപരിശോധനയിൽ വന്ന കുറവ്
2. എ.ഐ കാമറകളും പൊലിസ് കാമറകളും പലതും പ്രവർത്തനഹരിതം
3. സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു
അപകടം കുറക്കാൻ ഡൈനാമിക് ടൈം ഷെഡ്യൂൾ
സ്വകാര്യ ബസുകളുടെ ഓട്ടപ്പാച്ചിലിന് നിയന്ത്രണമിടാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) ബസുകൾ തമ്മിലുള്ള സമയവ്യത്യാസം റോഡിലെ സാഹചര്യത്തിനനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന 'ഡൈനാമിക് ടൈം ഷെഡ്യൂളിംഗ്' സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരള ബസ് പോലുള്ള ആപ്പുകളുടെ സഹായത്തോടെ ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങൾ ശേഖരിച്ച് അതനുസരിച്ച് സമയം ക്രമീകരിക്കുകയാണ് ലക്ഷ്യം. നിലവിൽ നഗരമേഖലയിൽ ഒരേറൂട്ടിൽ തുടർച്ചയായി സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കിടയിൽ കുറഞ്ഞത് അഞ്ചുമിനിറ്റും ഗ്രാമീണമേഖലയിൽ പത്തു മിനിറ്റും ഇടവേള വേണമെന്നാണ് എസ്.ടി.എയുടെ തീരുമാനം. പുതിയ സംവിധാനത്തിൽ ബസുകളുടെ തത്സമയ സ്ഥാനം മനസിലാക്കി ഓരോ സ്റ്റോപ്പിലും എത്ര സമയം നിർത്തണം, എപ്പോൾ പുറപ്പെടണം തുടങ്ങിയ നിർദേശങ്ങൾ ഡ്രൈവർമാർക്ക് ഡാഷ്ബോർഡ് കൺസോൾ വഴി നൽകാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |