
കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയും മരിച്ചു. ഏഴ് വയസുകാരൻ ശിവനന്ദിന്റെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. ഒഴുകിൽപ്പെട്ട അമ്മ രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. പാലേരി തോട്ടത്താംകണ്ടി ഭാഗത്തായിരുന്നു അപകടം നടന്നത്. പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35) ഫാർമസിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു. ഇവരുടെ ഇളയമകനാണ് ശിവനന്ദു.
വൈകിട്ട് അഞ്ച് മണിയോടെ കുറ്റ്യാടി പുഴയുടെ ഭാഗമായ തോട്ടത്താംകണ്ടി മേംമ്പാറ ഭാഗത്തെ കടവിൽ തുണി അലക്കാൻ എത്തിയതായിരുന്നു രമ്യ. ഒപ്പം മക്കളായ ഹരിനന്ദും ശിവനന്ദും ഉണ്ടായിരുന്നു. പുഴയിലേക്ക് കാൽവഴുതിവീണ മകൻ ശിവനന്ദിനെ (7) രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യയും ഒഴുക്കിൽപെടുകയായിരുന്നു. മറ്റൊരു വശത്ത് കുളിക്കുകയായിരുന്ന യുവാക്കൾ യുവതിയും കുഞ്ഞും ഒഴുകി വരുന്നത് കണ്ട് യുവതിയെ കരയിലെത്തിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകും വഴി മരിച്ചു. പേരാമ്പ്രയിൽ നിന്നും നാദാപുരത്ത് നിന്നും എത്തിയ അഗ്നിശമന സേനാ വിഭാഗവും പൊലീസും രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം ലഭിച്ചത്. ശിവനന്ദ് തോട്ടത്താം കണ്ടി കുന്നശ്ശേരി എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |