SignIn
Kerala Kaumudi Online
Wednesday, 03 June 2026 9.53 PM IST

നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ല, ഉന്നത ഉദ്യോഗസ്ഥർ തെളിവ് നശിപ്പിച്ചു; നിർണായക റിപ്പോർട്ടുമായി എസ്ഐടി

READ ENGLISH VERSION
navakerala-bus

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിന് നേരെ കല്ലെറിഞ്ഞെന്ന പ്രതികളുടെ വാദം തെറ്റാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴി പ്രതികൾക്കെതിരാണെന്നുമാണ് എസ്ഐടി വ്യക്തമാക്കുന്നത്. കെഎസആർടിസി ബസ് ഡ്രൈവർ അഭിലാഷാണ് നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്ന മൊഴി നൽകിയത്. ബസിന് കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആർടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ഔദ്യോഗിക രേഖകളിലും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതികളുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ജാമ്യത്തെ എതിർത്തുകൊണ്ടുള്ള എസ്ഐടിയുടെ റിപ്പോർട്ട് പുറത്തുവന്നത്. കോടതിക്ക് മുന്നിലെത്തിയ തെളിവുപോലും നശിപ്പിച്ചതായും അന്വേഷണത്തിന് മേൽനോട്ടം നൽകിയ ഉദ്യോഗസ്ഥരടക്കം തെളിവിൽ മാറ്റം വരുത്തിയതായും റിപ്പോർട്ടിലുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് അത്യാവശ്യമാണെന്നും അവർക്ക് ജാമ്യം ലഭിച്ചാൽ നീതിനിർവഹണം തസപ്പെടുമെന്നുമാണ് എസ്‌ഐടിയുടെ വാദം.

ബസ് തടസമില്ലാതെയാണ് മുന്നോട്ട് പോയിരുന്നത്. യെല്ലോ ബുക്ക് പ്രകാരമുള്ള ഇസഡ് പ്ലസ് സുരക്ഷ നൽകിക്കൊണ്ട് മുന്നോട്ട് പോകുന്നതിന് പകരം പ്രതികൾ വാഹനം നിർത്തി 11 സെക്കൻഡോളം മർദനം നടത്തിയതായി എസ്ഐടി ചൂണ്ടിക്കാണിക്കുന്നു. പ്രതികൾക്കെതിരെ 308-ാം വകുപ്പ് ഉൾപ്പെടുത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മരണം വരെ സംഭവിക്കാവുന്ന മർദനമായിരുന്നു ഉണ്ടായതെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. നരഹത്യശ്രമകുറ്റം ചുമത്തിയത് മെഡിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നാണ് എസ്ഐടി വാദിക്കുന്നത്.

2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതികൾ മർദിക്കുകയായിരുന്നു. ഗൺമാൻ അനിൽ കുമാർ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ALAPUZHA RESCUE MISSION, SIT, AGAINST GUN MAN, PINARAYI VIJAYAN, NAVAKERALA BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA