
തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പരിശോധന. സന്ദർശക രജിസ്റ്റർ ഉൾപ്പെടെ എസ്‌ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ക്ലബിലെ രേഖകളും പരിശോധിച്ചു.
എഡിജിപി ഓഫീസിൽ വച്ച് കേസ് രേഖകൾ തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫീസിൽ പരിശോധന നടത്തിയത്. ആദ്യമായാണ് അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസിൽ പരിശോധന നടക്കുന്നത്. സംഭവം നടന്നപ്പോൾ എം ആർ അജിത് കുമാർ ആയിരുന്നു എഡിജിപി.
അതേസമയം, കേസിലെ പ്രതികളായ അഞ്ച് പൊലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ ഹൈക്കോടതി പ്രതികളുടെ വിശദീകരണം തേടി. ഈ മാസം 27നകം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. പിണറായി വിജയന്റെ ഗൺമാന്മാരായ അനിൽ കല്ലിയൂർ, സന്ദീപ് അടക്കമുള്ള അഞ്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ച ലാത്തിയുൾപ്പെടെ കണ്ടെത്തിയെന്ന് നിരീക്ഷിച്ചാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയത്. എന്നാൽ, ഈ നിരീക്ഷണം തെറ്റാണെന്നും അന്വേഷണം തുടരുന്ന ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചത് കേസിനെ ബാധിക്കുമെന്നുമാണ് എസ്‌ഐടിയുടെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |