SignIn
Kerala Kaumudi Online
Sunday, 31 May 2026 7.08 PM IST

കുഞ്ഞിനെ വേണ്ടെന്ന് അമ്മ, പാലുകൊടുക്കാനും തയ്യാറല്ല; ആശുപത്രി ടോയ്‌ലെറ്റിൽ ജനിച്ച കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

READ ENGLISH VERSION
baby-hand

ആലപ്പുഴ: സർക്കാർ ആശുപത്രിയിലെ ടോയ്‌ലെറ്റിൽ 19കാരി പ്രസവിച്ച ശേഷം എറിഞ്ഞുകൊല്ലാൻ ശ്രമിച്ച കുഞ്ഞിനെ തിങ്കളാഴ്‌ച ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുക്കും. കുഞ്ഞിനെ പരിപാലിക്കാൻ താൽപര്യമില്ലെന്ന് യുവതി സിഡബ്ല്യുസിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സയിൽ തുടരുകയാണ് അമ്മയും കുഞ്ഞും. ഇരുവരെയും ആശുപത്രിയിൽ പ്രത്യേകമായാണ് പാർപ്പിച്ചിരിക്കുന്നത്. കുഞ്ഞിന് പാലുകൊടുക്കാനോ പരിപാലിക്കാനോ അമ്മ തയ്യാറാകുന്നില്ല. തിങ്കളാഴ്‌ച യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറും. രണ്ടുമാസം വരെ ആലപ്പുഴയിലെ ശിശുവിഹാറിലാകും കുഞ്ഞിനെ പരിപാലിക്കുന്നത്. ഈ കാലയളവിനുള്ളിൽ അമ്മയ്‌ക്ക് മനംമാറ്റം ഉണ്ടായാലും കുഞ്ഞിന്റെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താകും കുട്ടിയെ വിട്ടുകൊടുക്കുന്നത്.

കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച യുവതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രി വിട്ടാലുടൻ കേസിൽ തുടർനടപടികൾക്ക് ഒരുങ്ങുകയാണ് പൊലീസ്. യുവതിക്ക് കൗൺസലിംഗ് ഉൾപ്പടെ നൽകുന്നുണ്ട്. കുട്ടിയുടെ അച്ഛനെന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ കാമുകനായ കൊൽക്കത്ത സ്വദേശിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. എറണാകുളം ഇടപ്പള്ളിയിൽ യുവതി പാരാമെഡിക്കൽ കോഴ്‌സ് ചെയ്യുമ്പോൾ ഇവിടുത്തെ ആശുപത്രി ജീവനക്കാരനായിരുന്നു ഇയാൾ. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഹരിപ്പാട് സ്വദേശിയായ യുവതി സർക്കാർ ആശുപത്രിയിലെ ടോയ്‌ലെറ്റിൽ പ്രസവിച്ചത്. വയറ്റിൽ മുഴയുണ്ടെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHILD PROTECTION, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA