
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യാേഗസ്ഥരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച വകുപ്പിന്റെ നടപടിയിൽ വിമർശനം. ഉദ്യോഗസ്ഥർക്ക് അച്ചടക്ക നടപടികൾ സംബന്ധിച്ച ക്ളാസെടുക്കാനാണ് വിളിച്ചതെന്നാണ് വിവരം. കാസർകോട് വരെയുള്ള വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരും ഡെപ്യൂട്ടി ഡിഎംഒമാരും തിരുവനന്തപുരത്തെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം ഉദ്യോഗസ്ഥർക്ക് അച്ചടക്ക നടപടികൾ സംബന്ധിച്ച് ക്ലാസ് എടുക്കാനായി വിളിച്ചുവരുത്തുന്നതിൽ വലിയ വിമർശനമാണ് വകുപ്പിൽ നിന്ന് തന്നെ ഉയരുന്നത്. ആദ്യം 22-ാം തീയതിയാണ് ക്ലാസ് നിശ്ചയിച്ചിരുന്നത്. പിന്നെ അത് 24-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. പകർച്ചവ്യാധിക്കാലത്ത് ഓരോ മെഡിക്കൽ ഓഫീസർമാരും ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായിട്ടുള്ള തിരക്കുകളിലാണ്. ഇതിനിടെയാണ് എല്ലാവരെയും തിരുവനന്തപുരത്തേക്ക് വിളിക്കുന്നത്.
മാത്രമല്ല ആരോഗ്യ വകുപ്പിൽ നിന്ന് ഒഴിയുന്ന അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയ്ക്ക് ഒരു യാത്രയയപ്പ് നടത്താനും 24ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പേരിലാണ് അച്ചടക്ക ക്ലാസിന്റെ മറവിൽ എല്ലാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |