SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.10 AM IST

'ലഡുവും പൂച്ചെണ്ടും കിട്ടി, പക്ഷേ സൗജന്യ യാത്ര ഇല്ല'; ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

READ ENGLISH VERSION
students

തൃശൂർ: കെഎസ്‌ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള വി ഡി സതീശൻ സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് ഇന്ന് തുടക്കമായിരിക്കെ വിവിധയിടങ്ങളിൽ നിന്ന് പരാതിയും ഉയരുന്നു. തങ്ങളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലർ. തൃശൂരിൽ നിന്ന് ചാലക്കുടിയിലേയ്ക്ക് പോയ ഓർഡിനറി ബസിലാണ് സംഭവം.

രാവിലെ ഒൻപത് മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തൃശൂരിൽ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നാലെ 9.35ന് ബസിൽ കയറിയ കൊരട്ടി സ്വദേശിനികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നാണ് പരാതി. സൗജന്യയാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ സിസ്റ്റം അപ്‌ഡേറ്റ് ആയിട്ടില്ലെന്ന മറുപടിയാണ് ബസ് ജീവനക്കാർ നൽകിയതെന്ന് ഇവർ പറയുന്നു.

'സൗജന്യ യാത്ര ആരംഭിക്കുന്നത് കാത്ത് രാവിലെ എട്ടര മുതൽ ബസ് സ്റ്റാന്റിൽ നിന്നു. ബസിൽ കയറിയപ്പോൾ പൂച്ചെണ്ടും ലഡുവും നൽകി സ്വീകരിച്ചു. എന്നാൽ പണം ഈടാക്കിയ നടപടി അംഗീകരിക്കാനാവില്ല. പരാതി ഉന്നയിച്ചപ്പോൾ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ഫോട്ടോയും വീഡിയോയും എടുക്കുന്നതിന്റെ തിരക്കിലായിരുന്നു'- വിദ്യാർത്ഥിനികൾ പറഞ്ഞു.

ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തത്. വനിതകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. 3125 ബസുകളിൽ 'പ്രിയദർശിനി സൗജന്യ യാത്ര" എന്ന സ്റ്റിക്കറുണ്ടാകും.

യാത്രക്കാരുടെ എണ്ണമറിയാനും പദ്ധതിക്കായി സർക്കാരിൽ നിന്ന് കെഎസ്ആർടിസിക്ക് നൽകേണ്ട സബ്സിഡി കണക്കാക്കുന്നതിനും സ്ത്രീകൾക്ക് പ്രത്യേക ടിക്കറ്റാണ് നൽകുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, PRIYADARSHINI SCHEME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA