SignIn
Kerala Kaumudi Online
Sunday, 21 June 2026 12.57 AM IST

അഫ്ഗാനെ എറിഞ്ഞിട്ട് പ്രസിദ്ധ് കൃഷ്ണ; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

READ ENGLISH VERSION
team-india

ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച. ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയുടെ തകർപ്പൻ ബൗളിംഗ് കനത്ത പ്രഹരമായി. ആദ്യ നാല് വിക്കറ്റുകളും പിഴുതാണ് പ്രസിദ്ധ് കൃഷ്ണ അഫ്ഗാൻ നിരയെ തകർത്തുവിട്ടത്. റഹ്മാനുള്ള ഗുർബാസ് (5), ഇബ്രാഹിം സദ്രാൻ (11), റഹ്മത് ഷാ (5), ദർവിഷ് റസൂലി (10) എന്നിവരാണ് പ്രസിദ്ധിന്റെ പന്തിൽ പുറത്തായത്.

ഇതിൽ ആദ്യത്തെ മൂന്ന് ബാറ്റർമാരുടെയും ക്യാച്ചുകൾ മുൻ നായകൻ രോഹിത് ശർമ്മയാണ് എടുത്തത് എന്നതും ശ്രദ്ധേയമായി. ഇതോടെ നാല് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ കനത്ത ബാറ്റിംഗ് തകർച്ചയാണ് നേരിടുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതിനകം തന്നെ 2-0ത്തിന് മുന്നിൽ നിൽക്കുന്ന ഇന്ത്യ, അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്.

prasid-

അതേസമയം പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയതിനാൽ, വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിൽ ചില പരീക്ഷണങ്ങൾ നടത്താനുള്ള അവസരമായാണ് ആതിഥേയർ ഈ മത്സരത്തെ കാണുന്നത്. പരിക്കിൽ നിന്ന് മുക്തനായി എത്തിയ ഹർഷിത് റാണയെ ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു.


പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ബാറ്റിംഗിലേക്കാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ലക്‌നൗ ഏകദിനത്തിൽ മികച്ച ഫോമിലേക്ക് ഉയരുകയായിരുന്ന രോഹിത്തിനെ (48 റൺസ്) റാഷിദ് ഖാൻ പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിലും മോശം ഫോമിലായിരുന്ന രോഹിത്തിന് 2027 ഏകദിന ലോകകപ്പ് ടീമിലെ തന്റെ സ്ഥാനം നിലനിർത്തണമെങ്കിൽ ഈ മത്സരം മികച്ച രീതിയിൽ കളിച്ചേ തീരൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS, LATESTNEWS, INDIA VS AFGHANISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360