SignIn
Kerala Kaumudi Online
Monday, 08 June 2026 10.25 PM IST

പവൻ കല്യാണിന്റെ സിനിമ കാണുന്നതിനിടെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തു; ശസ്ത്രക്രിയ വിജയകരം

READ ENGLISH VERSION
woman

ഗുണ്ടൂർ: രോഗി ഉണർന്നിരിക്കുമ്പോൾ തന്നെ തലച്ചോറിലെ ട്യൂമർ വിജയകരമായി നീക്കം ചെയ്ത് ഡോക്ടർമാർ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ 'ദേ കോൾ ഹിം ഒജി' എന്ന സിനിമ സ്ത്രീ കാണുന്നതിനിടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് അവകാശവാദം. പ്രകാശം ജില്ലയിലെ കോടേശ്വരമ്മ എന്ന സ്ത്രീയ്ക്കാണ് ശസ്ത്രക്രിയ ചെയ്തത്.

രോഗിയെ പൂർണമായി ജനറൽ അനസ്തേഷ്യയ്ക്ക് വിധേയമാക്കാതെയാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ സഹകരണം ഉറപ്പാക്കാനാണ് സിനിമ കാണിപ്പിച്ചത്. കോടേശ്വരമ്മയ്ക്ക് വിശദമായ സ്കാനുകൾ ചെയ്തപ്പോഴാണ് തലച്ചോറിലെ സംസാരത്തെയും ചലനത്തെയും നിയന്ത്രിക്കുന്ന ഭാഗത്തിന് സമീപം ട്യൂമർ സ്ഥിതി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് രോഗി ഉണർന്നിരിക്കുമ്പോഴുള്ള മസ്തിഷ്ക ശസ്ത്രക്രിയയാണ് ഏറ്റവും സുരക്ഷിതമെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

ന്യൂറോ സർജന്മാരായ ഡോ. അരുൺ കുമാർ, ഡോ. രാജശേഖർ, അനസ്തറ്റിസ്റ്റുകൾ, നഴ്സുമാർ, ടെക്നീഷ്യന്മാർ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പൂർണമായി അനസ്തേഷ്യ നൽകാത്തതിനാൽ ശസ്ത്രക്രിയെക്കുറിച്ച് രോഗി ബോധവതിയിരിക്കും. അതിലൂടെ സംസാരം, ഓർമ്മ, ചലനം എന്നിവ നിരീക്ഷിക്കാൻ സഹായിച്ചു. ഇത് ട്യൂമർ കൂടുതൽ സുരക്ഷിതമായി നീക്കം ചെയ്യാൻ സഹായിക്കുന്നുവെന്ന് ഡോ. അരുൺ കുമാർ പറഞ്ഞു.

'ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് ചോദ്യങ്ങൾക്ക് മറുപടി നൽകാനും മെഡിക്കൽ സംഘവുമായി സംസാരിക്കാനും സിനിമ കാണാനും കഴിഞ്ഞു. ശസ്ത്രക്രിയയെ കുറിച്ചുള്ള ഉത്കണ്ഠ കുറയ്ക്കാൻ സിനിമ കാണുന്നത് സഹായിച്ചു. കൂടാതെ ശസ്ത്രക്രിയയുടെ പ്രധാന ഘട്ടങ്ങളിലെല്ലാം രോഗിയെ സജീവമായി നിലനിർത്താൻ സിനിമ സഹായിച്ചു. രോഗി പവൻ കല്യാണിന്റെ വലിയ ആരാധികയാണ്. ഒജിയിലെ രംഗങ്ങൾ കാണിച്ചപ്പോൾ ശസ്ത്രക്രിയയുമായി രോഗി സഹകരിച്ചു. ഇത് ശസ്ത്രക്രിയയ്ക്കിടെയുള്ള രോഗിയുടെ പ്രവർത്തനം തത്സമയം നിരീക്ഷിക്കാൻ ഞങ്ങളെ സഹായിച്ചു'- അരുൺ കുമാർ വ്യക്തമാക്കി. ശസ്ത്രക്രിയ വലിയ വിജയമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സങ്കീർണതകളില്ലാതെ ട്യൂമർ നീക്കം ചെയ്തു. രോഗി സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TUMOUR, DOCTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360