
അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയായ സംഘി ഇൻഡസ്ട്രീസിനെ മുഴുവനായി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. 5000 കോടി രൂപയ്ക്കാണ് സംഘി ഇൻഡസ്ട്രീസിനെ അദാനി ഏറ്റെടുത്തത്.
കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രവി സംഘി, സംഘി കുടുംബത്തിലെ അംഗങ്ങൾ, മറ്റ് പ്രൊമോട്ടർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ഓഹരി പങ്കാളിത്തത്തിന്റെ 56.74 ശതമാനമായ 14.66 കോടി ഓഹരികൾ അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സ് ഏറ്റെടുക്കും. സംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുത്തത് അംബുജ സിമന്റ്സിന്റെ വളർച്ചാ യാത്രയിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വ്യക്തമാക്കി.
സംഘി ഇൻഡസ്ട്രീസിന്റെ ബാക്കിയുള്ള 26 ശതമാനം ഓഹരികൾ 114.22 രൂപയ്ക്ക് സിമന്റ് മേജർ ഓപ്പൺ ഓഫർ നൽകും. സംഘി ഗ്രൂപ്പിന്റെ ഇക്വിറ്റി മൂല്യം 2,950.6 കോടി രൂപയാണ്. ഓപ്പൺ ഓഫർ വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ ഇക്വിറ്റി മൂല്യം, മൊത്തം 82.74ശതമാനം ഓഹരികൾക്ക് 2,441.37 കോടി രൂപയായി ഉയരും. കഴിഞ്ഞ വർഷമാണ് അദാനി ഗ്രൂപ്പ് ഹോൾസിം ഗ്രൂപ്പിൽ നിന്ന് 6.5 ബില്യൺ ഡോളറിന് അംബുജ സിമന്റ്‌സ് ലിമിറ്റഡ്, എസിസി ലിമിറ്റഡ് എന്നിവ ഏറ്റെടുത്തത്. ഏറ്റെടുക്കലിലൂടെ പ്രതിവർഷം 67.5 ദശലക്ഷം ടൺ ശേഷിയുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവായി അദാനി ഗ്രൂപ്പ് മാറി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സിമന്റ് ഉൽപാദനം ഇരട്ടിയാക്കി 140 ദശലക്ഷം ടണ്ണായി ഉയർത്താനാണ് ഗ്രൂപ്പിന്റെ പദ്ധതി.
സംഘി ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഒരു ബ്രാൻഡായ സംഘി സിമന്റ്സിന് പ്രതിവർഷം 6.1 ദശലക്ഷം മെട്രിക് ടൺ ഗ്രൈൻഡിംഗ് ശേഷിയും പ്രതിവർഷം 6.6 ദശലക്ഷം മെട്രിക് ടൺ ക്ലിങ്കർ ശേഷിയുമുണ്ട്. ഖനികളിൽ നിന്ന് ക്ലിങ്കർ പ്ലാന്റിലേക്ക് ചുണ്ണാമ്പുകല്ല് കൊണ്ടുപോകുന്നതിനായി കമ്പനി 3.2 കിലോമീറ്റർ ക്ലോസ്ഡ് ബെൽറ്റ് കൺവെയറും സ്ഥാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |