കോന്നി: പമ്പ, അച്ചൻകോവിൽ, കല്ലാർ, കക്കാട്ടാർ തുടങ്ങിയ നദികളിലെ പാറക്കെട്ടുകളോടും നദീതീര ആവാസവ്യവസ്ഥകളോടും ബന്ധപ്പെട്ട് വളർന്നുവന്നിരുന്ന ഔഷധ സസ്യമായ കല്ലൂർ വഞ്ചിയുടെ പുനരുജ്ജീവനത്തിന് പദ്ധതി തയാറാക്കുന്നു. പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ മൂത്രാശയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രധാനമായി ഉപയോഗിക്കപ്പെടുന്ന സസ്യമായ ഇതിനെ തേടി വിദൂര നാടുകളിൽ നിന്നും ആളുകൾ കല്ലാറ്റിലെത്തി ഇത് സംഭരിച്ച് തുടങ്ങിയതോടെയാണ് ക്രമേണ ഈ ഔഷധസദ്യ സസ്യം കല്ലാറിൽ നിന്നും അപ്രത്യക്ഷമായത്. കല്ലാറ്റിൽ കല്ലൂർവഞ്ചി പുനരുജീവിപ്പിക്കുവാനുള്ള പദ്ധതി തയാറാക്കി നൽകാൻ ജില്ലാ പഞ്ചായത്തിന്റെ ബയോ ഡൈവേഴ്സിറ്റി മാനേജിംഗ് കമ്മിറ്റി കൺവീനറും മുൻ വനം വകുപ്പ് ഉദ്യോഗസ്ഥനുമായ ചിറ്റാർ ആനന്ദനോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. 2018- 2019 വർഷങ്ങളിലെ പ്രകൃതിദുരന്തങ്ങൾ കല്ലൂർവഞ്ചിയുടെ സ്വാഭാവിക നിലനിൽപ്പിനെ ഗുരുതരമായി ബാധിച്ചതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ശാസ്ത്രീയമായ രീതിയിൽ വിത്ത്, തണ്ട് തുടങ്ങിയ പ്രജനന മാർഗങ്ങളിലൂടെ തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക, സ്വാഭാവികമായി സസ്യത്തിന്റെ ലഭ്യത കുറഞ്ഞുവരുന്ന നദീതീരങ്ങളിൽ പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടപ്പിലാക്കുക, ഔഷധസസ്യങ്ങളുടെ അനിയന്ത്രിത ശേഖരണം നിയന്ത്രിക്കുന്നതിനും സംരക്ഷണ അവബോധം വളർത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുക എന്നിവ ഇവയുടെ പുനരുജീവനത്തിന് ആവശ്യമാണ്.
പരിപാലനത്തിനായി
കല്ലൂർവഞ്ചിയുടെ സംരക്ഷണത്തിന്റെയും പുനർജീവനത്തിന്റെയും ഭാഗമായി സ്പാരോ നേച്ചർ കൺസർവേഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തൈ ഉൽപ്പാദനവും പരിപാലനവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക രീതിയിൽ മണ്ണ് നിറച്ച് തയാറാക്കിയ പ്ലാസ്റ്റിക് കവറുകളിൽ നട്ടു പിടിപ്പിച്ച പരിപാലിച്ച് പ്രാരംഭ നിരീക്ഷണത്തിൽ 70 ശതമാനം തൈകളും വളർന്നുവരികയാണ്.
..................................................
പ്രാരംഭ പ്രവർത്തനത്തിനായി കൂടുതൽ ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിപുലമായ സംരക്ഷണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് സ്പാരോ നേച്ചർ ഫോറം ലക്ഷ്യമിട്ടിട്ടുള്ളത്.
ചിറ്റാർ ആനന്ദൻ
( ജില്ലാ പഞ്ചായത്ത്
ബയോഡൈവേഴ്സിറ്റി മാനേജിംഗ്
കമ്മിറ്റി കൺവീനർ)
..........................................
പ്രാരംഭ നിരീക്ഷണത്തിൽ 70 ശതമാനം തൈകളും വളർന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |