കോന്നി ∙ ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ പേരൂർകുളം ഗവ.എൽ.പി സ്കൂളിന് ഗുരു നിത്യചൈതന്യയതിയുടെ പേര് നൽകണമെന്ന ആവശ്യം ശക്തമാകുന്നു. 1924ൽ വകയാറിൽ സരസ കവി മൂലൂർ എസ് പദ്മനാഭപ്പണിക്കരുടെ ബന്ധുവായ രാഘവപ്പണിക്കരുടെയും വാമാക്ഷി അമ്മയുടെയും മകനായി ജനിച്ച ജയചന്ദ്രൻ എന്ന കുട്ടിയാണ് പിൽക്കാലത്ത് ഗുരുനിത്യ ചൈതന്യതിയായി മാറിയത്. വകയാറിൽ നിന്നും പേരൂർകുളത്തെ ഈ സ്കൂളിൽ എത്തി പ്രാഥമിക വിദ്യാഭ്യാസം നടത്തിയതും അന്നത്തെ അദ്ധ്യാപകരെപ്പറ്റിയും സഹപാഠികളെപ്പറ്റിയും ഗുരു നിത്യ ചൈതന്യയതി തന്റെ രചനകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ബാല്യകാല സ്മരണകൾ ഉള്ള വകയാർ മ്ലാന്തടത്ത് വിദ്യാനികേതൻ നാരായണ ഗുരുകുലവും ഉണ്ട്. സാംസ്കാരിക വകുപ്പ് അരുവാപ്പുലം പഞ്ചായത്തിൽ നിർമ്മിക്കുന്ന ഗുരു നിത്യ ചൈതന്യതി പഠന ഗവേഷണ കേന്ദ്രത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ശിലാസ്ഥാപനം നടത്തിയിരുന്നു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് അരികിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
നാടിന്റെ പൈതൃകം
1.5 കോടി രൂപ മുടക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു നൂറ്റാണ്ടിനോട് അടുത്ത്പഴക്കമുള്ള സ്കൂളിന് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പണി പൂർത്തിയാവുകയാണ്. മരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനായിരുന്നു നിർമ്മാണച്ചുമതല. യതി വിദ്യാഭ്യാസം ചെയ്ത സ്ഥാപനം എന്ന നിലയിൽ സ്കൂൾ പ്രസിദ്ധമാണ്. കോന്നിയിലെ ആദ്യകാല സ്കൂളായ ഇവിടെ ഒന്നു മുതൽ 4 വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. 1928ലാണ് സ്കൂൾ സ്ഥാപിതമാകുന്നത്. 55.5 സെന്റാണ് സ്കൂളിന് നിലവിലുള്ളത്.
......................................................................
വകയാറിൽ ജനിച്ച ഗുരു നിത്യചൈതന്യയതി ഉൾപ്പെടെ ഒട്ടേറെ പ്രമുഖർക്ക് വിദ്യാഭ്യാസം നൽകിയ സ്കൂൾ ആധുനിക നിലയിൽ പുനർനിർമ്മിക്കുന്നത് നാടിന്റെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ്.
കെ.യു. ജനീഷ് കുമാർ
(എം.എൽ.എ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |