SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

തീർത്ഥാടന പാതയിലെ മുന്നൊരുക്കം പാതിവഴിയിൽ അവലോകന യോഗങ്ങൾ മുറയ്ക്ക്, അലംഭാവമെന്ന് ഭക്തർ

sabrimala-road
പുനലൂർ മൂവാറ്റുപുഴ റോഡിൽ കാക്കുമുക്ക് രണ്ടാം കലിങ്കിന് സമീപം റോഡിലെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗം.

പത്തനംതിട്ട; മണ്ഡലകാലം ആരംഭിക്കാൻ ഇനി ആറു ദിവസം മാത്രം അവശേഷിക്കെ തീർത്ഥാടന പാതയിലെ മുന്നൊരുക്കങ്ങൾ പാതിവഴിയിൽ. പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്കുള്ള ശബരിമല പാതയിലെ അപകട വളവുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ സിഗ്നൽ ബോർഡുകളോ ഇല്ല. ചെങ്ങന്നൂരിലെത്തുന്നതീർത്ഥാടകർ കെ.എസ്.ആർ.ടി.സി ബസിൽ പത്തനംതിട്ടയിലെത്തി തിരക്കേറിയ പുനലൂർ - മൂവാറ്റുപുഴ റോഡിൽ കയറിയശേഷം മണ്ണാറക്കുളഞ്ഞിയിലെത്തി പമ്പയിലേക്ക് തിരിഞ്ഞു പോകുന്നതാണ് പതിവ്. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ പാതയിലെ മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, ളാഹ വിളക്കുമാടം, ഇലവുങ്കൽ എന്നിവിടങ്ങളിലെ വളവുകളിൽ സ്ഥാപിച്ചിരുന്ന ഫൈബർ തൂണുകളെല്ലാം വാഹനങ്ങളിടിച്ച് നശിച്ച നിലയിലാണ്. ഇവ മാറ്റി സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. മൈലപ്ര ജംഗ്ഷനും മണ്ണാറക്കുളഞ്ഞിയ്ക്കും ഇടയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണത് അപകട ഭീഷണിയാണ്. നിലയ്ക്കലിൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് പോകുന്ന വാഹനങ്ങൾ ഇറങ്ങിവരുന്ന ഭാഗത്ത് റോഡിന്റെ വീതി കൂട്ടാനുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടില്ല. നിലയ്ക്കൽ പൊലീസ് ചെക്കിംഗ് പോയിന്റിലേക്ക് എത്തുന്നതിന് മുൻപുള്ള വളവിൽ റോഡിന്റെ വീതികൂട്ടി വശങ്ങളുടെ ഭിത്തി നിർമ്മിക്കുന്ന പണികളും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

ഉദ്യോഗസ്ഥരുടെ വിമുഖത

ചാലക്കയം മുതൽ പമ്പാ ത്രിവേണി വരെ റോഡ് വീതികൂട്ടി ടാറു ചെയ്യുന്ന പണികൾ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പഴറോഡ് പൂർണമായി കുത്തിയിളക്കിയശേഷമാണ് പുതിയ റോഡു പണി ആരംഭിച്ചത്. അഞ്ചു കിലോമീറ്റർ ദൂരമുള്ള ഈ റോഡ് നിർമ്മാണം പൂർത്തിയാക്കി റിഫ്ലക്ടറുകളും മുന്നറിയിപ്പ് വരകളും വശങ്ങളിൽ നിഗ്നൽ ബോർഡുകളും സ്ഥാപിക്കണം. മാത്രമല്ല വനമേഖലയിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള അടിക്കാടുകളും വെട്ടിത്തെളിച്ചിട്ടില്ല. മുന്നൊരുക്കങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ വിവിധ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ പമ്പയിലും നിലയ്ക്കലിലും പത്തനംതിട്ടയിലുമായി നിരവധി അവലോകന യോഗങ്ങളാണ് നടത്തിയത്. എന്നാൽ ഈ യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നതാണ് തീർത്ഥാടന പാതയിലെ മുന്നൊരുക്കങ്ങൾ പാതിവഴിയിലാകാൻ കാരണമാകുന്നത്.

............................................................................

തീർത്ഥാടന മുന്നൊരുക്കങ്ങളിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. അയ്യപ്പഭക്തർക്ക് സുരക്ഷിത യാത്ര ഒരുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. മന്ത്രിതലത്തിൽ നിത്യേന അവലോകന യോഗം ചേരുന്നതല്ലാതെ റോഡുകളുടെ സുരക്ഷാ സംവിധാനങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. തീർത്ഥാടകരുടെ ജീവനുപോലും സുരക്ഷ ഒരുക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് തുറന്നു പറയണം.

ജി.പൃഥിപാൽ
ജനറൽ സെക്രട്ടറി
(ക്ഷേത്ര ആചാര സംരക്ഷണ സമിതി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL