മൂന്നാർ: മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കി ഉയർത്തുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. ഇവിടെ ഗവേഷണം, സാങ്കേതിക വിദ്യ, പരിശീലനം, നൂതന പ്രജനന പ്രവർത്തനങ്ങൾ എന്നിവയുടെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ.എൽ.ഡി.ബി മാട്ടുപ്പെട്ടിയിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സെന്റർ ഫോർ അഡ്വാൻസ്‌മെന്റ് ഇൻ ലൈവ്‌സ്റ്റോക്ക് പ്രൊഡക്ടിവിറ്റി ആൻഡ് റിസർച്ചിന്റെ തറക്കല്ലിടലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ വികസിപ്പിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. അതിലൂടെ അന്താരാഷ്ട്ര ഗവേഷക വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും. ആധുനികവത്കരണത്തിലൂടെ ഈ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കും. പുതിയ സംരംഭങ്ങൾ ആരംഭിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സഞ്ചാരികളെ കൂടി ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ കേന്ദ്രം വികസിപ്പിക്കുമെന്നും കേന്ദ്രത്തിന്റെ സംരക്ഷണവും വികസനവും വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഒ.പി.യു/ഐ.വി.എഫ്/ഇ.ടി സാങ്കേതികവിദ്യകളുടെ സംസ്ഥാനതല വിപുലീകരണ സമർപ്പണം, മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, കെ.എൽ.ഡി.ബി. ഫാം സോഫ്‌റ്റ്‌വെയർ ലോഞ്ചിംഗ്, മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ദ്ധരെയും വനിതാ സ്വകാര്യ എ.ഐ. സാങ്കേതിക വിദഗ്ദ്ധരെയും ആദരിക്കൽ എന്നിവയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. മാട്ടുപ്പെട്ടിയിലെ ഇൻഡോ സ്വീസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എഫ്. രാജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ശരണ്യ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ, ജില്ലാ പഞ്ചായത്തംഗം സി. നെൽസൺ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കെ.എൽ.ഡി ബോർഡ് എം.ഡി ഡോ. ആർ. രാജീവ്, കോഴിക്കോട് എൻ.ഐ.ടി അസോസിയേറ്റ് പ്രൊഫ. ഡോ. ചിത്ര, കെ.എൽ.ഡി.ബി മാട്ടുപ്പെട്ടി മാനേജർ വി.പി. ഡോ. കേശവദാസ്, സി.പി. മാത്യു, മലയാലപ്പുഴ ജ്യോതിഷ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |