തൊടുപുഴ: മൂവാറ്റുപുഴ- തേനി സംസ്ഥാന പാതയുടെ ഭാഗമായ കോട്ട റോഡ് പുറമ്പോക്ക് ഒഴിപ്പിക്കലിന്റെ ഭാഗമായി ഈസ്റ്റ് കലൂർ അങ്കണവാടിക്ക് സമീപമുള്ള മൂന്ന് വീടുകൾ ഒഴിപ്പിക്കാനുള്ള അധികൃതരുടെ ഇന്നലത്തെ ശ്രമം വീട്ടുകാരുടെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും എതിർപ്പിനെ തുടർന്ന് നടന്നില്ല. അടുത്ത ദിവസം ഇവരുമായി ചർച്ച നടത്താമെന്ന വ്യവസ്ഥയിൽ അധികൃതർ പിൻവാങ്ങി. 10 മുതൽ 25 സെന്റ് വരെ സ്ഥലമുള്ള മൂന്ന് കുടുംബക്കാരുടെ വീട് ഉൾപ്പെടെ ഏറ്റെടുക്കാനുള്ള നീക്കമാണ് തടഞ്ഞത്. മൂന്ന് പതിറ്റാണ്ട് മുമ്പ് തീറാധാരം ചെയ്ത് വാങ്ങിയ സ്ഥലത്തിന് വില്ലേജിൽ കരമടയ്ക്കുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ഇതിന്റെ രേഖകൾ റവന്യൂ അധികാരികളെ കാണിച്ചു. 2013ൽ ഹൈക്കോടതി ഉത്തരവ് പ്രകാരം താലൂക്കിലെ ലിത്തോ മാപ്പ് പ്രകാരം ഇവരുടെ കൈവശമുള്ള സ്ഥലത്തിൽ നിന്ന് മൂന്ന് മുതൽ 5 സെന്റ് സ്ഥലം അളന്ന് തിരിച്ച് റോഡിനായി മണ്ണെടുത്ത് മാറ്റിയിരുന്നു. രണ്ട് മാസം മുമ്പ് സാറ്റലൈറ്റ് സർവേ പ്രകാരം ഈ 3 വീടുകളുടെയും അടുത്ത് മണ്ണെടുത്ത ഭാഗത്ത് കല്ലിട്ട് പോയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റീ സർവേ പ്രകാരം സ്ഥലം എടുക്കണമെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഇന്നലെ ഇവരെ ഒഴിപ്പിക്കാൻ അധികൃതർ എത്തിയത്. ലിത്തോ മാപ്പ് പ്രകാരം സ്ഥലം അളന്ന് തിരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നൽകിയ ഉത്തരവ് ഇവർ അധികൃതരെ കാണിച്ചു. കൂടാതെ ആധാരത്തിന്റെയും കരമടച്ച രേഖകളും കാണിച്ചു. എന്നാൽ 85ൽ നടത്തിയ റീ സർവേയ്ക്ക് ശേഷമാണ് വീട്ടുകാർ ഇവിടെ ആധാരം ചെയ്ത് സ്ഥലം വാങ്ങി വീടുകൾ വച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടി. അന്ന് വില്ലേജിലും മറ്റും ഇത് കൈയേറ്റ ഭൂമിയാണെന്ന് അധികൃതർ പറഞ്ഞിരുന്നില്ല. കരവും അടച്ചിരുന്നു. ഇപ്പോൾ വർഷങ്ങളായി താമസിക്കുന്ന വീട്ടിൽ നിന്ന് ഇറക്കി വിടാനുള്ള ശ്രമം നടക്കില്ലെന്നും പഴയ റീ സർവേയിലെ തെറ്റുകൾ തിരുത്തി വീണ്ടും സർവേ നടത്തണമെന്നും പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇവിടെ കൈയേറ്റം ഒഴിപ്പിക്കൽ അധികൃതർ ഊർജ്ജിതമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |