
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജിവച്ച് മല്ലിക സുകുമാരൻ. അമ്മ സംഘടനയിലെ വിഷയത്തിൽ ശ്വേതാ മേനോനൊപ്പമാണെന്ന് പറഞ്ഞശേഷമാണ് മല്ലിക സുകുമാരൻ രാജിവച്ചത്. ശ്വേതയെ പുറത്താക്കാൻ ഗൂഢാലോചന നടന്നെന്നും അതിനുവേണ്ടി ചുക്കാൻ പിടിച്ചത് മാല പാർവതിയാണെന്നും മല്ലിക സുകുമാരൻ മാദ്ധ്യമങ്ങളോട് തുറന്നടിച്ചു.
'സ്‌നേഹപൂർവം പടിയിറങ്ങുന്നു. അമ്മയിൽ നിന്നും. സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം'- എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക രാജിവച്ച വിവരം അറിയിച്ചത്. അമ്മയ്ക്ക് ഒരു സുവർണാവസരം ലഭിച്ചിട്ടും വളർച്ചയെക്കാൾ ഗോസിപ്പാണ് തിരഞ്ഞെടുത്തതെന്നും അവർ കുറ്റപ്പെടുത്തി.
'15 ദിവസം മുൻപേ അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. ഒപ്പ് ശേഖരണവും അപ്പോൾ തന്നെ തുടങ്ങി. ഇക്കാര്യം അറിയിച്ചത് മാല പാർവതിയാണ്. സിദ്ദിഖും രഞ്ജി പണിക്കരും ആവശ്യപ്പെട്ട പ്രകാരമാണ് വിളിച്ചതെന്നാണ് മാല പാർവതി പറഞ്ഞത്. കണക്ക് അവതരിപ്പിക്കാത്തത്തിൽ അല്ല രാജി. അമ്മ യോഗത്തിൽ ശ്വേതക്കെതിരെ ബാബുരാജ് ഗുരുതര ആരോപണം ഉന്നയിച്ചു. ബിജെപിക്ക് സ്ഥാനാർത്ഥിയെ കൊടുക്കലാണ് ശ്വേതയുടെ ജോലി എന്ന് ബാബുരാജ് ആരോപിച്ചു. പിന്നാലെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. ശ്വേതയെ അനുകൂലിച്ച് സംസാരിക്കുന്നവർക്ക് യോഗത്തിൽ മെെക്ക് നിഷേധിച്ചു. എന്റെ പക്കൽ നിന്ന് മെെക്ക് പിടിച്ചുവാങ്ങി. വിഷയത്തിൽ സീനിയേഴ്സ് ഉടൻ ഇടപെടണം'- മല്ലിക സുകുമാരൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ശ്വേത പ്രസിഡന്റായ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവച്ചിരുന്നു. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് രാജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |