SignIn
Kerala Kaumudi Online
Sunday, 07 June 2026 2.03 AM IST

അതിവേഗ റെയിൽ പ്രായോഗികമോ? ഇ ശ്രീധരന്റെ ബദൽ പദ്ധതി പഠിക്കാൻ നാലംഗ സമിതി

READ ENGLISH VERSION
e-sreedharan

തിരുവനന്തപുരം: കെ-റെയിലിന് പകരം യുഡിഎഫ് സർക്കാർ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിന് നാലംഗ സമിതി. മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുടെ ഗുണദോഷങ്ങൾ വിശദമായി പഠിക്കാനാണ് സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ശ്രീധരൻ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയിരുന്നു.

ഗതാഗത സെക്രട്ടറി അദ്ധ്യക്ഷനാകുന്ന നാലംഗ സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് കെ-റെയിൽ പദ്ധതിയെ ശക്തമായി എതിർത്ത പ്രമുഖ പരിസ്ഥിതി പ്രവർത്തകനാണ് ഇദ്ദേഹം. ഇ ശ്രീധരന്റെ നിർദേശങ്ങൾ സാങ്കേതികമായും സാമ്പത്തികമായും എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിച്ച് സമിതി റിപ്പോർട്ട് സമർപ്പിക്കും.

പുതിയ പദ്ധതി സംസ്ഥാന സർക്കാരിന് യാതൊരു വിധത്തിലും സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കില്ലെന്നും അതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഉറപ്പുനൽകുന്നതായിരുന്നു ഇടക്കാല റിപ്പോർട്ട്. ഏകദേശം 60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട പാതയിലൂടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകുമെന്നാണ് ഇ ശ്രീധരൻ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയിൽ വ്യക്തമാക്കുന്നത്. ഈ പാത കാസർകോട് വരെ നീട്ടുന്നതടക്കം യുഡിഎഫ് പരിഗണിക്കുന്നുണ്ട്.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കും പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാണ് അതിവേഗ പാത കടന്നുപോവുക.

കെ-റെയിലിനെ അപേക്ഷിച്ച് സ്ഥലമേറ്റെടുക്കേണ്ടത് കുറയുമെന്നാണ് ബദൽ പദ്ധതിയുടെ മെച്ചമായി ചൂണ്ടിക്കാണിക്കുന്നത്. വ്യത്യസ്തമായ തൂണുകളും ഭൂഗർഭ പാതകളുമാണ് പുതിയ പദ്ധതിയിൽ പരിഗണിക്കുന്നത്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ-റെയിൽ സംരക്ഷണസമിതി മുന്നോട്ടുവച്ച നിർദേശങ്ങളും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: E SREEDHARAN, HIGH SPEED RAIL, UDF GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA