
താൻ ഭർത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ആരുടെയും ജീവിതത്തിൽ ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി സീരിയൽ താരം ഗൗരി കൃഷ്ണൻ. ആറ് മാസങ്ങൾക്ക് ശേഷം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വ്‌ലോഗിലൂടെയാണ് ഗൗരി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഗൗരി മനസ് തുറന്നത്. 'ചേട്ടൻ എവിടെ? കൂടെയില്ലേ?' എന്ന പ്രേക്ഷകരുടെ തുടർച്ചയായ ചോദ്യങ്ങൾക്ക്, തങ്ങൾ ഇപ്പോൾ ഒപ്പമല്ല താമസമെന്നാണ് നടി മറുപടി നൽകിയത്.
ഗൗരിയുടെ വാക്കുകൾ ഇങ്ങനെ:
'ജീവിതത്തിൽ ഒരു കൂട്ട് വേണം എന്നത് എന്റെയും ആഗ്രഹമാണ്. പക്ഷേ അത് രണ്ടുപേർക്കും വേണമെന്ന് തോന്നിയാലേ കാര്യമുള്ളൂ. നല്ലൊരു കൂട്ടാകാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അല്ലാതെ ആരും മോശക്കാരായതുകൊണ്ടല്ല.
ഇന്നലെ വന്ന ആർക്കുവേണ്ടിയോ ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. സ്‌നേഹം നിർബന്ധിച്ച് നേടിയെടുക്കാൻ കഴിയില്ല, അത് സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. മറ്റൊരാൾക്ക് ശല്യമാകാതെ മാറിനിൽക്കുന്നതാണ് എന്റെ ആത്മാഭിമാനം.'
വിവാഹം കഴിച്ചത് സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കാനല്ല, മറിച്ച് തനിക്കൊരു കൂട്ട് വേണമെന്ന ആഗ്രഹം കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറുമാസമായി സോഷ്യൽ മീഡിയയിൽ നിന്നും അഭിനയത്തിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. ജീവിതം ഒന്ന് 'റീസ്റ്റാർട്ട്' ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഉടൻ തന്നെ അഭിനയരംഗത്തേക്ക് മടങ്ങിവരുമെന്നും ഗൗരി അറിയിച്ചു.
2022ലായിരുന്നു ഗൗരി കൃഷ്ണനും സംവിധായകൻ മനോജ് പേയാടും തമ്മിലുള്ള വിവാഹം. 'പൗർണമിത്തിങ്കൾ' എന്ന ഹിറ്റ് സീരിയലിന്റെ സംവിധായകനായിരുന്നു മനോജ്. 'അനിയത്തി' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ ഗൗരി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |