
#നടപടികൾ പൂർത്തിയാകും മുമ്പ് ഉദ്ഘാടനം
തൃശൂർ: നിർമ്മാണം പൂർത്തിയാകും മുമ്പ് ഉദ്ഘാടനം നടത്തിയ ലാലൂരിലെ ഐ.എം.വിജയൻ സ്റ്റേഡിയത്തിൽ പന്തുരുളുന്നതും കാത്തിരിപ്പാണ് കായിക പ്രേമികൾ. ഒരു കാലത്ത് തൃശൂരിന്റെ കുപ്പത്തൊട്ടിയെന്ന് അറിയപ്പെട്ടിരുന്ന ലാലൂരിലെ മാലിന്യമല നീക്കം ചെയ്ത് കായിക സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചെങ്കിലും ഇപ്പോഴും പന്തുതട്ടുന്ന പരുവത്തിലേക്കെത്തിയിട്ടില്ല.
തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഉദ്ഘാടന മാമാങ്കത്തിന്റെ മറ്റൊരു ഇരയാണ് ഈ സ്റ്റേഡിയം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് തിരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയത്. തൃശൂർക്കാരൻ കൂടിയായ കായിക മന്ത്രിയിലാണ് കായിക പ്രേമികളുടെ ഇനിയുള്ള പ്രതീക്ഷ.
13 ഏക്കറിൽ ഒന്നാംഘട്ടമായി 48.5 കോടി കിഫ്ബി ഫണ്ട് അടക്കം 70 കോടിയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. മാലിന്യക്കൂമ്പാരമായ ലാലൂരിൽ 75 വർഷമായി തള്ളിയിരുന്ന 54,000 ടൺ മാലിന്യം നീക്കിയാണ് കായികവകുപ്പും തൃശൂർ കോർപ്പറേഷനും സംയുക്തമായി കായിക സമുച്ചയം നിർമ്മിച്ചത്. കേരള ഇൻഡസ്ട്രിയൽ ടെക്നിക്കൽ കൺസൾട്ടൻസ് ഓർഗനൈസേഷൻസായിരുന്നു മേൽനോട്ടം. 2025 നവംബർ 3ന് കായിക മന്ത്രി വി.അബ്ദു റഹ്മാനാണ് ഉദ്ഘാടനം ചെയ്തത്.
##കളിക്കളം കാട് കയറുന്നു
ഫുട്ബാൾ ടറഫിന്റെ ചുറ്റും പുല്ലും ചെടികളും ഒരാൾ പൊക്കത്തിൽ വളർന്നു. ലക്ഷങ്ങൾ ചെലവഴിച്ചാൽ മാത്രമേ സ്റ്റേഡിയം പൂർണ രൂപത്തിലാക്കാൻ സാധിക്കൂവെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയം കോർപ്പറേഷന് കൈമാറിയാൽ മാത്രമേ തങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാകൂവെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടുന്നു.
##പദ്ധതിയിലുള്ളത്
##ഫുട്ബാൾ ടർഫ്
##2000 പേർക്കിരിക്കാവുന്ന ഗ്യാലറി
##സ്പോർട്സ് കോംപ്ലക്സിൽ 5000പേർക്കിരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയം
##ബാഡ്മിന്റൺ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഹാൻഡ്ബാൾ കോർട്ടുകൾ
##പ്രാക്ടീസ് പൂൾ
##പവലിയൻ ബ്ലോക്ക്
##അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്
##ഹോക്കി കോർട്ട്
സ്റ്റേഡിയം വിഷയത്തിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് കായിക മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അതിവേഗം യോഗം വിളിച്ചു ചേർക്കാമെന്ന് മന്ത്രി ഒ.ജെ. ജനീഷ് ഉറപ്പ് നൽകിയിട്ടുണ്ട്.
ഡോ.നിജി ജസ്റ്റിൻ
മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |