
തിരുവനന്തപുരം: വഞ്ചിയൂർ ജില്ലാ കോടതി പരിസരത്തെ ഇടറോഡുകളിലൂടെ വാഹന യാത്രക്കാർക്കും
കാൽനട യാത്രക്കാർക്കും ദുരിതയാത്ര. ഏറെ തിരക്കേറിയ പ്രദേശമായ ഇവിടെ റോഡിന്റെ പല ഭാഗങ്ങളിലും ടാറിളകി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്നതോടെ അവസ്ഥ കൂടുതൽ മോശമാകും.
റോഡുകളുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രദേശവാസികൾക്ക് പ്രതിഷേധമുണ്ട്. കോടതി പരിസരത്തെ ഒരു ഇടറോഡിൽ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി രണ്ടുവർഷം മുമ്പ് ഓടകൾ മൂടി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കൃത്യമായ നിരപ്പിലല്ല സ്ലാബുകൾ സ്ഥാപിച്ചത്. ഉയർന്നും താഴ്ന്നും കിടക്കുന്ന സ്ലാബുകളിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകട സാദ്ധ്യതയുണ്ടാക്കുന്നു. നിരപ്പായ രീതിയിൽ ഇവിടെ റോഡ് വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
മറ്റ് ഇടറോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ടാർ ചെയ്ത റോഡുകൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മഴ പെയ്താൽ കുഴികളും വെള്ളക്കെട്ടും തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടാകും. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പലതവണ പരാതികൾ നൽകിയെങ്കിലും ശാശ്വതമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പരാതി. താത്കാലിക നടപടികൾക്കപ്പുറം ശാസ്ത്രീയമായ പുനർ നിർമ്മാണമോ കാര്യക്ഷമമായ അറ്റകുറ്റപ്പണികളോ ഉണ്ടാകുന്നില്ല.
ജില്ലാ കോടതി ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളും അഭിഭാഷക ഓഫീസുകളും സ്ഥിതി ചെയ്യുന്ന മേഖലയായ വഞ്ചിയൂരിലെ റോഡുകളുടെ ഈ ദുരവസ്ഥ മാറ്റുന്നതിനായി നഗരസഭയും പൊതുമരാമത്ത് വകുപ്പ് അധികാരികളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
''കുറച്ചുകാലമായി റോഡിന്റെ അവസ്ഥ വളരെ മോശമാണ്. മഴ പെയ്താൽ വീടുകളിൽ വെള്ളം കയറും. ഇടുങ്ങിയ റോഡായതിനാൽ ഗതാഗത പ്രശ്‌നങ്ങളും അപകട സാദ്ധ്യതയും കൂടുതലാണ്. ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തുമെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.
ശ്രീന ശ്രീകുമാർ,അഭിഭാഷക,
യൂത്ത് വിംഗ് കൺവീനർ വഞ്ചിയൂർ റസിഡന്റ്സ്
അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |