ശ്രീകാര്യം: തലസ്ഥാനത്തെ ഞെട്ടിച്ച പാങ്ങപ്പാറ അഭിറാം കൊലപാതകത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. അഭിറാമിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായില്ലെങ്കിലും പ്രതികളെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളാണ് ശേഖരിച്ചത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ കേസിലെ രണ്ടാം പ്രതി ഉമർ മുഫ്തറിനെ വിശദമായി ചോദ്യം ചെയ്യുകയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഉമർ മൊഴികൾ മാറ്റുന്നത് പൊലീസിന് തലവേദന ഉണ്ടാക്കുന്നെങ്കിലും പ്രതികളുടെ സാന്നിദ്ധ്യവും കുറ്റകൃത്യത്തിലെ പങ്കും ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തോട് ഇയാൾ ഒരു ഘട്ടത്തിലും സഹകരിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപാതകത്തിൽ ഉമറും പങ്കാളിയെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചിരുന്നു. എന്നാൽ സംഭവസ്ഥലത്ത് താനില്ലെന്ന് തെളിയിക്കാൻ ബുദ്ധിപരമായ രീതിയിൽ ഇയാൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവ ദിവസം താൻ വീട്ടിലുണ്ടെന്ന് സ്ഥാപിക്കാൻ ഫോൺ വീട്ടിൽ വച്ച് കാൾ കട്ടാക്കാതെ വിളിക്കാൻ കാമുകിയും നാലാം പ്രതിയുമായ ഐശ്വര്യയുമായി ഗൂഢാലോചന നടത്തിയിരുന്നു.
സംഭവ ദിവസം വീട്ടിലുണ്ടെന്ന് ഉറപ്പിക്കാൻ സി.സി ടിവി ക്യാമറകൾക്ക് മുന്നിലൂടെ ഉമർ ബോധപൂർ മുഖം പതിയുന്ന രീതിയിൽ നടന്നതായും പിന്നീട് സി.സി ടിവിയിൽ പെടാതെയാണ് സംഭവ സ്ഥലത്തെത്തി കൃത്യത്തിൽ പങ്കാളിയായതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ താൻ കുറ്റം ചെയ്തിട്ടില്ലെന്നും മനപൂർവം പൊലീസ് തന്നെ പ്രതി ചേർക്കുകയാണെന്നുമാണ് ഉമർ ആവർത്തിക്കുന്നത്.
മോഷണത്തിൽ പ്രാവീണ്യമുള്ള ഇയാൾ തന്ത്രപരമായി അഭിറാമിന്റെ ഫോൺ ഒളിപ്പിച്ചെന്നും അന്വേഷണസംഘം സംശയിക്കുന്നു. ഉമറിനെയും ആനന്ദയേയും കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇന്നലെ കോടതിയിൽ ഹാജരാക്കി. കേസിലെ ഒന്നാം പ്രതിയായ 17കാരനെയും നാലാം പ്രതി ഐശ്വര്യയെയും അടുത്ത ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |