മുതലമട: പാവപ്പെട്ടവന് തലചായ്ക്കാൻ ഒരിടം എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കിയ ഭൂമി, ഭവന വായ്പ പദ്ധതികൾ മുതലമടയിൽ വൻ കച്ചവടമായി മാറുന്നു. സ്വന്തമായി ഭൂമിയില്ല, വീടില്ല എന്നുപറഞ്ഞ് അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ നിയമത്തിന്റെ പഴുതും ഭരണസ്വാധീനവും ഉപയോഗിച്ച് വീടും സ്ഥലവും നിയമപരമായി തന്നെ കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നു. മുതലമടയിൽ 2010 മുതൽ 2015 വരെ 252 കുടുംബങ്ങൾക്കാണ് ഇം.എം.എസ് ഭവനപദ്ധതിയുൾപ്പെടെ വിവിധ പദ്ധതികൾ പ്രകാരം വീടും സ്ഥലവും ലഭിച്ചത്. ഇതാണ് വിൽപനയ്ക്ക് ശ്രമിക്കുന്നത്. വീടുകൾ വിൽക്കാനായി നിരവധി അപേക്ഷകളാണ് പഞ്ചായത്തിലെത്തുന്നത്. ഈ അപേക്ഷകളുടെ നിജസ്ഥിതി പരിശോധിച്ച് ജില്ലാ ഓഫീസറുടെ കാര്യാലയത്തിലേക്ക് അയച്ച് അനുമതി നേടിയ ശേഷം മാത്രമേ പഞ്ചായത്ത് പരിധിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാനാവുകയുള്ളു.
വിറ്റിട്ടും വീണ്ടും അപേക്ഷ!
സർക്കാരിൽ നിന്ന് ലഭിച്ച സ്ഥലവും വീടും വിറ്റ് വീണ്ടും ഭൂമിയില്ലെന്നും ഭവനരഹിതരെന്നും കാണിച്ച് നിലവിൽ അപേക്ഷ നൽകുകയാണ്. പ്രായപരിധിയും അപേക്ഷകരുടെ കാറ്റഗറിയും മാത്രം മാനദണ്ഡമാക്കിയാണ് പല ഭവന പദ്ധതിയും ഭൂമി രഹിതർക്കുള്ള പദ്ധതിയുടെയും യോഗ്യത നിർണയിക്കുന്നത്. അങ്ങനെ ഒരിക്കൽ ആനുകൂല്യം കിട്ടിയവർക്ക് വീണ്ടും വീണ്ടും ആനുകൂല്യം ലഭിക്കുന്ന അവസ്ഥ. ആദ്യം എഗ്രിമെന്റ് വെച്ച് കൈമാറ്റം. പിന്നീട് കാലാവധി കഴിഞ്ഞെന്ന് കാണിച്ച് ഓഫീസുകളിൽ നിന്ന് അനുമതി വാങ്ങി നിയമപരമാക്കൽ. അതേസമയം മുതലമടയിൽ തന്നെ ആയിരക്കണക്കിന് കുടുംബങ്ങൾ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ ഇപ്പോഴും പുറത്ത് നിൽക്കുകയാണ്. അവർ വർഷങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് കിട്ടിയവർ അത് വിറ്റ് വീണ്ടും ക്യൂവിൽ കയറുന്നത്.
ഭൂമിയും വിടും ലഭിച്ചവരുടെ കണക്ക്: (വർഷം, വിഭാഗം, എണ്ണം ക്രമത്തിൽ) 2010- എസ്.ടി 55, 2010-11 എസ്.സി 22, 2011-12 എസ്.സി 42, 2011-12 എസ്.ടി.44, 2012-13 ജനറൽ 11, 2012-13 എസ്.സി 19, 2012-13 ജനറൽ 19, 2014-15 ജനറൽ 40, ആകെ: 252 (ഏകദേശം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |