കാസർകോട്: ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജിന്റെ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. ബദിയടുക്ക ഉക്കിനടുക്കയിൽ മെഡിക്കൽ കോളജ് സന്ദർശിക്കാനെത്തിയ മന്ത്രി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മെഡിക്കൽ കോളജിനോട് അനുബന്ധിച്ച് നഴ്സിംഗ് കോളജ് ആരംഭിക്കുന്നതിനായി സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിൽ ആവശ്യമായ ഡോക്ടർമാരുടെ നിയമനം കൂടുതൽ ശക്തിപ്പെടുത്തും. നിയമനം ലഭിക്കുന്ന ഡോക്ടർമാർക്ക് രണ്ടുവർഷത്തേക്ക് മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദിക്കാത്ത തരത്തിൽ നടപടി സ്വീകരിക്കും. ജില്ലയിൽ മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിൽ മെഡിക്കൽ കോളജിന്റെ പൂർത്തീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന് നൽകിയ ശുപാർശയിൽ കാസർകോട് ജില്ലയിലെ പെരിയയും ഉണ്ടെന്നും മന്ത്രി ചോദ്യത്തിന് മറുപടി നൽകി.
കണ്ണൂരിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ കുറിച്ചും മന്ത്രി പ്രതികരിച്ചു. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പൂർണമായും തള്ളാനും അതുപോലെ അതിനെ മുഴുവനായും അംഗീകരിക്കാനും കഴിയില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. എല്ലാ ഡോക്ടർമാരും യോഗ്യതയില്ലാത്തവരാണെന്ന് പറയാനും കഴിയില്ല. ചികിത്സാ രംഗത്ത് ഉണ്ടായ സംഭവങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |