കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ യുവതിയെ നിർബന്ധിച്ച് മയക്കുമരുന്ന് നൽകാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. തൃശൂർ വരവൂർ ചേലൂർ വാഴമലയിൽ വീട്ടിൽ ശിഹാബുദ്ദീനെയാണ് (41) കടവന്ത്ര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 0.120 ഗ്രാം എം.ഡി.എം.എ, 2,02,000 രൂപ, ലാപ്ടോപ്പ്, ഐപ്പാഡ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റാഡിസൺ ബ്ലൂ ഹോട്ടലിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെ ഹോട്ടലിൽ മുറിയെടുത്ത പ്രതി രാത്രിയിൽ യുവതിയെ വിളിച്ചുവരുത്തി തന്റെ കൈവശമുണ്ടായിരുന്ന എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം മുറിയിൽ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് നിരോധന നിയമപ്രകാരവും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കും സ്ത്രീയോട് മോശ വിചാരത്തോടെ പെരുമാറിയതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |