SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

കമ്പംമെട്ടിലെ റോഷന് പ്രായം 30, കേസുകൾ 34

antony
റോഷൻ ആന്റണി

കൊച്ചി: വധശ്രമക്കേസിൽ കഴിഞ്ഞദിവസം തോപ്പുംപടി പൊലീസിന്റെ പിടിയിലായ ഇടുക്കി കമ്പംമെട്ട് പുളിക്കൽ പീടികയിൽ വീട്ടിൽ റോഷൻ ആന്റണി 30 വയസിനിടെ 34 കേസുകളിൽ പ്രതിയായ കുറ്റവാളി. നവംബർ 2ന് രാത്രി തോപ്പുംപടി തുറമുഖത്ത് മത്സ്യത്തൊഴിലാളിയെ ബിയർ കുപ്പിക്ക് കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ച കേസിലായിരുന്നു അറസ്റ്റ്. മട്ടാഞ്ചേരി സി.ഐ വിബിൻദാസിന്റെ നേതൃത്വത്തിലാണ് ഒളിത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

കുട്ടിക്കാലം മുതൽ കേസുകൾ..

റോഷൻ ആന്റണിയുടെ ‘കേസ് ഹിസ്റ്ററി’പൊലീസിനെ ശരിക്കും ഞെട്ടിച്ചു. കുട്ടിക്കാലം മുതൽ മോഷണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലാണ് 33 കേസുകൾ നിലവിലുള്ളത്. തോപ്പുംപടിയിലേതാണ് 34-ാമത്തെ കേസ്. ഇടുക്കിയിലെ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ 2012 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട മോഷണക്കേസിൽ പ്രതിയാകുമ്പോൾ പ്രായം 16. ഈ കേസിൽ കൂട്ടുപ്രതി അറസ്റ്റിലായെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ റോഷനെ ജുവനൈൽ ജസ്റ്റിസ്ബോർഡിന് മുമ്പാകെ ഹാജരാക്കി. പിന്നീടങ്ങോട്ട് ‘തിരിഞ്ഞ് നോക്കിയിട്ടേയില്ല..’

 ഇഷ്‌ടം വാഹനമോഷണം

എല്ലാമേഖലകളിലും കൈവച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രിയം വാഹനമോഷണത്തോട്. 2017ൽ തൃശൂർ മണ്ണുത്തി പൊലീസ് പിടികൂടിയപ്പോൾ ഒറ്റയടിക്ക് 7 ബൈക്ക് മോഷണ കേസുകൾക്ക് തുമ്പായി. കോട്ടയം, പാലാ ഭാഗങ്ങളിൽ നിന്നാണ് കൂടുതൽ വാഹനങ്ങൾ കടത്തിയത്. സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനം മകളീയം ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്ത മഹീന്ദ്ര ഥാർ ജീപ്പ് കടത്തിയതിന് ഹിൽ പാലസ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നിറുത്തിയിട്ട ലോറിയുടെ ബാറ്ററികൾ കവർന്നതിന് പാലക്കാട് ടൗൺ സൗത്ത് പൊലീസിലും കേസുണ്ട്. തിരുവനന്തപുരം കോലിയക്കോട്ടെ വീട്ടിൽ സംഘം ചേർന്ന് അതിക്രമിച്ച് കയറി യുവാവിന്റെ കാലുകൾ അടിച്ച് ഒടിച്ചതിന് പോത്തൻകോട് സ്റ്റേഷനിലെ പ്രതിയാണ്.

ഒടുവിൽ വധശ്രമത്തിന് അകത്ത്

തോപ്പുംപടിയിൽ ഒളിവിൽ കഴിയവെയാണ് കൊച്ചി രാമേശ്വരം തൊമ്മശേരി ഗ്രൗണ്ടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മത്സ്യത്തൊഴിലാളി ജോസഫ് സതീഷിനെ (50) കുത്തിപ്പരിക്കേൽപ്പിച്ചത്. റോഷൻ ആന്റണിയുടെ സുഹൃത്തും ജോസഫ് സതീഷും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയായിരുന്നു സംഭവം. റോഷനും സുഹൃത്തും ചേർന്ന് ജോസഫിനെ തടഞ്ഞുനിറുത്തി ബിയർകുപ്പി പൊട്ടിച്ച് കഴുത്തിന് കുത്തുകയായിരുന്നു. ജോസഫ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുന്നു. റോഷനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തോപ്പുംപടി എസ്.എച്ച്.ഒ ആദർശിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL