SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

പ്രതിഭകളുടെ തിളക്കവുമായി സ്കിൽ ഫെസ്റ്റ് 2026

sastrolsavam

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന എറണാകുളം മേഖല വൊക്കേഷണൽ സ്കിൽ ഫെസ്റ്റ് 2026 അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള ഫെസ്റ്റ് ഇന്ന് സമാപിക്കും. കോട്ടയം, എറണാകുളം ജില്ലകളിലെ 65 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നുള്ള പ്രതിഭകളാണ് മേഖലതല മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

അസി. ഡയറക്ടർ പി. നവീന, കെ.പി.എസ്.ടി.എ സംസ്ഥാന നേതാവ് അജിമോൻ പൗലോസ്, സെയ്തുമുഹമ്മദ്, എൽദോ, സ്കിൽ ഫെസ്റ്റ് കൺവീനർ ബിജു ഈപ്പൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജ്യോതി സി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷർമിള കെ.വി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

പ്രദർശന മത്സരം, തത്സമയ മത്സരം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

വാല്യൂ ആഡഡ് മിൽക്ക് പ്രോഡക്ട്, തെറാപ്യൂട്ടിക് ഡയറ്റ്, അക്വേറിയം സജ്ജീകരണം, ഫ്ലവർ അറേഞ്ച്മെന്റ്, വെജിറ്റബിൾ കാർവിംഗ്, മിനിയേച്ചർ ഗാർഡൻ, ടെറേറിയം, സ്പോട്ട് ഫോട്ടോഗ്രഫി, റോബോജീനിയസ് ചലഞ്ച്, കേക്ക് ഡെക്കറേറ്റിംഗ്, ഹോം പ്ലാൻ, പ്ലംബിംഗ് ഡിസൈൻ, എൽ.ഇ.ഡി ബൾബ് നിർമ്മാണം, ഡ്രസ് ഡിസൈൻ, ഹെയർ സ്റ്റൈലിംഗ്, മെഹന്തി ഡിസൈൻ തുടങ്ങി 16 ഇനങ്ങളിൽ തത്സമയ മത്സരം നടന്നു. 150-ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.

ഗ്രാഫിക് ഡിസൈൻ, നെറ്റ് വർക്കിംഗ് ആൻഡ് ഇന്റർനെറ്റ് ഷെയറിംഗ്, വെബ് ആപ്ലിക്കേഷൻ ഡെവലപ്പിംഗ് എന്നീ തത്സമയ മത്സരങ്ങൾ ഇന്ന് നടക്കും. എറണാകുളം സ്കിൽ ക്രാഫ്റ്റ്, സ്കിൽ സേർവ്, സ്കിൽ ഇന്നോവിഷൻ വിഭാഗങ്ങളിലായി 65 ടീമുകളാണ് മത്സരിക്കുന്നത്.

അച്ചടി - സ്റ്റേഷനറി
മേഖലയിലെ വെറൈറ്റി

അച്ചടി - സ്റ്റേഷനറി മേഖലയിലെ വെറൈറ്റി ഉത്പന്നങ്ങളുമായി നാട്ടകം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ കാർത്തികയും ജിൻസയും. സ്‌കിൽ ക്രാഫ്‌റ്റിൽ മത്സരിക്കുന്ന ഇവർ ഇരുപതിനുമേൽ ഉത്‌പന്നങ്ങളുമായാണ് ഫെസ്‌റ്റിൽ എത്തിയിരിക്കുന്നത്. കോമ്പ് ബൈൻഡിംഗ് ബുക്കുകൾ, പോക്കറ്റ് ബുക്കുകൾ, കളറിംഗ് ടു ഡോട്ട് ഡ്രോയിംഗ് ബുക്ക്, ഇക്കോ ഫ്രണ്ട്ലി പെൻ, ത്രെഡ് ലെസ് ബുക്കുകൾ, ഗിഫ്‌റ്റ് ബുക്കുകൾ, മാഗ്നറ്റിക് റൈറ്റിംഗ് ബോർഡ്, കോയിൻ ഘടിപ്പിച്ച ഗിഫ്റ്റ് എൻവലപ്, പേപ്പർ ക്യാരി ബാഗുകൾ, കോൺ വൊക്കേഷൻ ഫയലുകൾ പേപ്പർ ഫയലുകൾ, തുടങ്ങിയ ഉത്‌പന്നങ്ങളുടെ വൈവിദ്ധ്യത്താൽ ഇവരുടെ സ്‌റ്റാൾ വേറിട്ടുനിന്നു.

ഭയക്കേണ്ടതില്ല

ഹെയർപിൻ വളവുകളെ

ഹെയർപിൻ വളവിലെ അപകടങ്ങൾ തുടർക്കഥയാകുന്ന ഈ കാലത്ത് ജെയ്സോ സുനിൽ മാത്യുവിന്റെയും അതുൽ ദേവ് സുബീഷിന്റെയും കണ്ടുപിടുത്തം ഏറെ പ്രസക്തമാണ്. സ്മാർട്ട് ബ്ലൈൻഡ് കർവ് ആൻഡ് ഹെയർപിൻ ബെൻഡ് വെഹിക്കിൾ കൊളീഷൻ പ്രിവെൻഷൻ സിസ്റ്റം എന്ന പ്രോജക്ടുമായാണ് ഇവർ എത്തിയത്. കോട്ടയം വയല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളാണ് ഇരുവരും . വളവിന്റെ ഇരുവശത്തും ചുവപ്പും പച്ചയും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് സെൻസർ ഘടിപ്പിച്ചിരിക്കുന്നു . ഇരുവശത്തും വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ ചുവന്ന ലൈറ്റ് കത്തും,​ അപകടം ഒഴിവാകും. സ്‌കിൽ ഇന്നോവിഷൻ വിഭാഗത്തിലാണ് ഇവർ മത്സരിയ്ക്കുന്നത്.

സ്മാർട്ട് ക്ലോത്ത്

പ്രൊട്ടക്ഷൻ

മഴക്കാലത്ത് തുണിയലക്കി ഉണങ്ങിയെടുക്കുക എന്നത് വീട്ടമ്മമാരുടെ ഭഗീരഥപ്രയത്നമാണ്. വീട്ടമ്മമാർക്ക് സഹായകമാകുന്ന സ്മാർട്ട് ക്ലോത്ത് പ്രൊട്ടക്ഷനുമായിട്ടാണ് പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിലെ വിദ്യാർത്ഥികളായ അഖിലും ആരോണും എത്തിയിരിയ്ക്കുന്നത്. മഴ പെയ്താലുടൻ ഉണങ്ങാൻ വിരിച്ചിട്ട തുണിയുടെ മുകളിൽ ഷീറ്റ് വന്ന് നിൽക്കുന്നതും വെയിൽ തെളിഞ്ഞാൽ ഷീറ്റ് ഓട്ടോമാറ്റിക്കായി ഒരു വശത്തേയ്ക്ക് മാറുന്നതുമാണ് പ്രോജക്ട്. ഹോം ഓട്ടോമേഷനും ഇവരുടെ സ്‌റ്റാളിലുണ്ട് . വീട്ടുകാർക്ക് ദൂരെ നിന്ന് തന്നെ ലൈറ്റ്, ഫാൻ, വാട്ടർ ടാങ്ക് എന്നിവ പ്രവർത്തിപ്പിക്കാനുളള സാങ്കേതികതയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL