
കൊച്ചി: സൈബർ തട്ടിപ്പുകാർ കേരളത്തിൽ പിടിമുറുക്കിയതിന് പിന്നാലെ, പൊലീസിന് മുന്നിലേക്ക് ഒഴുകുന്നത് പരാതിപ്പുഴ! രണ്ട് വർഷത്തിനിടെ മാത്രം 54,000 പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി പൊലീസിന് ലഭിച്ചത്. ഇതിൽ 1,000 രൂപ മുതൽ കോടികൾ വരെ തട്ടിപ്പിൽക്കുടുങ്ങി പോയവരുണ്ട്. മൂന്ന് ശതമാനം കേസുകൾ മാത്രമേ കൃത്യമായി അന്വേഷിക്കുന്നുള്ളൂവെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്‌തുത. അതും വൻതുകകൾ നഷ്ടപ്പെട്ട കേസുകൾ. സൈബർ പൊലീസിന്റെ അംഗബലം വർദ്ധിപ്പിക്കാത്തതാണ് പ്രതിസന്ധിയായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
കേസുകളിൽ ഡിജിറ്റൽ തെളിവുകൾ കൃത്യസമയത്ത് ശേഖരിക്കുക എന്നതാണ് പൊലീസിന് മുന്നിലുള്ള ഏറ്റവും വലിയ കടമ്പ. തട്ടിയെടുത്ത പണം കൈമാറ്റം ചെയ്യപ്പെടുന്ന ഓരോ ബാങ്ക് അക്കൗണ്ടുകളും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. കുറ്റവാളികൾ തങ്ങളുടെ യഥാർത്ഥ വിവരങ്ങൾ മറച്ചുവച്ച് 'വാടക അക്കൗണ്ടുകൾ" ഉപയോഗിക്കുന്നതും, തട്ടിയെടുക്കുന്ന പണം ഉടൻ ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റുന്നതും അന്വേഷണത്തെ സാരമായി ബാധിക്കുന്നു.
ചോരുന്നു കോടികൾ
കഴിഞ്ഞ ജൂൺ മുതൽ ഈ മേയ് വരെയുള്ള ഒരുവർഷത്തിനിടെ മാത്രം മലയാളികളുടെ പോക്കറ്റിൽ നിന്ന് ചോർന്നത് 801 കോടി രൂപയിലധികം. ഡിജിറ്റൽ അറസ്റ്റ്, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകൾ, ഡീപ് ഫേക്ക് സാങ്കേതികവിദ്യ, വായ്പ ആപ്പുകൾ, സമ്മാന ഓഫറുകൾ എന്നിവയിലൂടെയാണ് മലയാളി പണം നഷ്ടപ്പെടുത്തിയത്.
തട്ടിപ്പുകളും ഇരകളും
വ്യാജ പരസ്യങ്ങൾ: 3,996 പേർ
തൊഴിൽ വാഗ്ദാനങ്ങൾ: 3,028 പേർ
വായ്പ ആപ്പുകൾ: 2,317 പേർ
ഓൺലൈൻ ട്രേഡിംഗ്: 1,069 പേർ
ഡിജിറ്റൽ അറസ്റ്റ്: 49 പേർ
കേരളത്തെ കണ്ണുവച്ച്
ഉയർന്ന സാക്ഷരതയും സാങ്കേതിക അറിവും ഉള്ളതുകൊണ്ട് മാത്രം സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നാണ് കണക്കുകൾ നൽകുന്ന മുന്നറിയിപ്പ്. മുതിർന്ന പൗരന്മാരുടെ വർദ്ധനവും ഡിജിറ്റൽ ഇടപാടുകളുടെ വ്യാപകമായ ഉപയോഗവും കേരളത്തെ ക്രമേണ ഒരു 'വിക്ടിം സ്റ്റേറ്റ്" ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ലഹരി മാഫിയകളെ പോലെ, സൈബർ കുറ്റവാളികളും സുരക്ഷിതമായ താവളമായി കേരളത്തെ കണ്ണുവയ്‌ക്കുന്നു.
കേന്ദ്ര ഏജൻസികളും
സൈബർ തട്ടിപ്പുകാരെ കുടുക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി), ഡയക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ), സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുണ്ട്.
ഓൺലൈൻ ട്രേഡിംഗിലൂടെ വൻലാഭം വാഗ്ദാനംചെയ്‌ത് എറണാകുളം സ്വദേശി നിമേഷിൽ നിന്ന് 26 കോടിരൂപ തട്ടിയെടുത്ത കേസിൽ ഹൈദരാബാദിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അല്ലംരാജു സത്യനാരായണ മൂർത്തി എന്നയാളാണ് തട്ടിപ്പ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |