
ആലപ്പുഴ: ചേർത്തല കഞ്ഞിക്കുഴിയിലെ വി.എസ് ശ്രീധരന്റെ വാൽച്ചിറ വീടിന്റെ മുറ്റത്ത് വിളവെടുപ്പിന് പാകമായി നിൽക്കുകയാണ് റാഗിച്ചെടികൾ. 82 വയസുകാരനായ വി.എസ് ശ്രീധരന്റെ ഇടവേളകളിലെ ആനന്ദമാണ് കൃഷി. കഴിഞ്ഞ 55 വർഷമായി പത്രവിതരണ രംഗത്ത് സജീവമാണ് കേരളകൗമുദി ഏജന്റുകൂടിയായ ശ്രീധരൻ. ഈ പ്രായത്തിലും, തിരക്കിനിടയിലും അദ്ദേഹം കൃഷിയിൽ സജീവമാണ്. കാലങ്ങളായി പച്ചക്കറി കൃഷിയിലായിരുന്നു ശ്രദ്ധ. എന്നാൽ, ചെറുധാന്യ കൃഷി വ്യാപിപ്പിക്കാനുള്ള കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പദ്ധതിയാണ് റാഗി കൃഷിക്ക് പ്രോത്സാഹനമായത്.
റാഗി കൃഷി ചെയ്യാൻ താൽപര്യമുണ്ടെന്ന വിവരം അദ്ദേഹം നേരിട്ട് കൃഷി ഓഫീസിലെത്തി അറിയിക്കുകയും കൃഷി ഓഫീസർ എം.റോഷ്നി പൂർണ പിന്തുണയും സഹായവും നൽകുകയും ചെയ്തതോടെയാണ് വീട്ടുമുറ്റത്തെ ഏഴ് സെന്റിൽ മൂന്ന് മാസം മുമ്പ് കൃഷിയിറക്കിയത്. കോഴിവളവും ചാരവും ഇട്ടാണ് പരിചരണം. ഹൃദ്രോഗ ബാധിതയാണെങ്കിലും, തന്നാലാവും വിധം ഭാര്യ വിജയമ്മയും സഹായിക്കുന്നുണ്ട്.
ചെടി വെള്ളത്തിലിട്ട് ചീയിച്ചിട്ട് ധാന്യമണികൾ തിരുമ്മിയെടുക്കാനാണ് ആലോചന. കുഞ്ഞുങ്ങൾക്കുള്ള പ്രധാന പോഷകാഹാരമായതിനാൽ മികച്ച വിപണി ലഭിക്കുമെന്നാണ് ശ്രീധരന്റെ പ്രതീക്ഷ. സ്വന്തമായി വിപണി കണ്ടെത്തും. മൂത്ത മകൾ മഞ്ജു ചെങ്ങന്നൂരിൽ കോടതി ജീവനക്കാരിയാണ്. ഇളയമകൾ ബിന്ദു ചേർത്തല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിൽ ജീവനക്കാരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |