
തുറവൂർ: അരൂർ–തുറവൂർ ആറുവരി എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം അടുത്ത മാർച്ചിൽ പൂർത്തിയാകും. 12.75 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ 94 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചു. അടുത്തയാഴ്ച ഭാരപരിശോധന ആരംഭിക്കും. തുറവൂരിൽ നിന്ന് തെക്കോട്ട് ആലക്കപ്പറമ്പ് വരെയുള്ള ഭാഗത്തെ തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇത് മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് നിർമ്മാണ കമ്പനി അധികൃതരുടെ പ്രതീക്ഷ.
കൊച്ചിയുടെ തെക്കൻകവാടമായി മാറുന്ന എലിവേറ്റഡ് ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാത 66ലെ ഗതാഗതക്കുരുക്കിന് വലിയ അളവിൽ പരിഹാരമാകും. നിലവിൽ ജംഗ്ഷനുകളിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും ഒരുപോലെ ദുരിതമാണ് സൃഷ്ടിക്കുന്നത്. പുതിയ പാത തുറക്കുന്നതോടെ കൊച്ചി നഗരത്തിലേക്കും തെക്കൻ കേരളത്തിലേക്കുമുള്ള യാത്ര കൂടുതൽ വേഗത്തിലും സുഗമമായും നടത്താനാകുമെന്നാണ് കരുതുന്നത്.
മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോൾ
രാജ്യത്തെ ഏറ്റവും നീളമേറിയ സിംഗിൾപില്ലർ എലിവേറ്റഡ് ഹൈവേയായ ഇവിടെ ആറുവരി ഗതാഗത സൗകര്യമുണ്ടാകും
അരൂർ, എരമല്ലൂർ, തുറവൂർ എന്നിവിടങ്ങളിൽ പ്രവേശനത്തിനും പുറത്തിറങ്ങാനും റാമ്പുകളും സജ്ജമാക്കും
എരമല്ലൂരിൽ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എം.എൽ.എഫ്.എഫ്) സംവിധാനത്തിലുള്ള ആധുനിക ടോൾ സംവിധാനം നടപ്പാക്കും
ബൂത്തുകളോ ബാരിയറുകളോ ഇല്ലാതെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഫാസ്റ്റ് ടാഗ് വഴി ടോൾ ഈടാക്കാനാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |