SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

പൂട്ടലിന്റെ വക്കിലേക്ക് ജനകീയ ഹോട്ടലുകൾ

ആലപ്പുഴ : കുറഞ്ഞവിലയിൽ വിശപ്പടക്കാൻ സാധാരണക്കാർക്ക് ആശ്രയമായിരുന്ന ജനകീയ ഹോട്ടലുകൾ നിലനിൽപ്പുഭീഷണിയിൽ. പലചരക്ക് സാധനങ്ങൾക്കും പാചകവാതകത്തിനും വില കൂടിയതോടെ വരുമാനത്തിന്റെ വലിയൊരു പങ്കും ഈ ഇനങ്ങളിൽ ചെലവഴിക്കേണ്ട സ്ഥിതിയാണ്. സർക്കാർ സബ്സിഡി നിലച്ചതും തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സഹായം കൃത്യമായി ലഭിക്കാത്തതും കുടുംബശ്രീ സംരംഭകരുടെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.

2020ൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളാണ് ഇപ്പോൾ നിലനിൽപ്പിനായി പാടുപെടുന്നത്. സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 1198 ഹോട്ടലുകളിൽ പകുതിയിലേറെയും ഇതിനകം അടച്ചുപൂട്ടി. നിലവിൽ 655 ഹോട്ടലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ 81ഹോട്ടലുകളുണ്ടായിരുന്നിടത്ത് 41 എണ്ണം മാത്രമാണ് ഇപ്പോഴുള്ളത്.

കൊവിഡ് കാലത്ത് 20രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് ഇപ്പോൾ 30രൂപയാണ്. വില 10 രൂപ വർദ്ധിപ്പിച്ച് 40 രൂപയാക്കേണ്ടിവരുമെന്നാണ് നടത്തിപ്പുകാരുടെ ആവശ്യം

ചിക്കൻ, മീൻ അടക്കമുള്ള സ്പെഷ്യൽവിഭവങ്ങൾക്ക് 40മുതൽ 50രൂപ വരെയാണ് വില. സാധാരണ ഹോട്ടലുകളിൽ ഊണിന് 60മുതൽ 100 രൂപ വരെ വാങ്ങുമ്പോഴും ജനകീയ ഹോട്ടലുകൾ കുറഞ്ഞ നിരക്കിലാണ് ഭക്ഷണം നൽകുന്നത്. ചെലവ് കുറയ്ക്കാൻ പ്രാദേശികമായി ലഭിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് പലരും വിഭവങ്ങൾ തയ്യാറാക്കുന്നത്. കിലോയ്ക്ക് 50 രൂപ വരെ നൽകിയാണ് ഇപ്പോൾ അരി വാങ്ങുന്നത്. വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ ക്ഷാമവും വിലവർദ്ധനയും തിരിച്ചടിയാണ്. ഒരു മാസം ഒമ്പത് സിലിണ്ടർ വരെ ആവശ്യമായി വരുന്ന ഹോട്ടലുകളുണ്ട്. ഒരു സിലിണ്ടറിന് 2800 രൂപയ്ക്ക് മുകളി​ലാണ് വി​ല.

വിലക്കയറ്റം, സബ്സിഡിയും ഇല്ല

 പലചരക്ക് കടകളിൽ മാത്രം രണ്ട് ലക്ഷം രൂപയോളം കടമുള്ള ഹോട്ടലുകളുണ്ട്.

 സപ്ലൈകോയിൽ നിന്ന് കടമായി സാധനങ്ങൾ ലഭിക്കാത്തതാണ് പ്രതിസന്ധി

 കെട്ടിടവാടക,വെള്ളം,വൈദ്യുതി ചാർജ് എന്നിവ തദ്ദേശസ്ഥാപനങ്ങൾ വഹിക്കേണ്ടതാണ്

 എന്നാൽ പല സ്ഥലങ്ങളിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല.

ജില്ലയിൽ നേരത്തെ ഉണ്ടായിരുന്ന ഹോട്ടലുകൾ

81

നിലവിൽ

41

ജനകീയ ഹോട്ടലുകൾ നഷ്ടത്തിലാണ് പ്രവ‌ർത്തിക്കുന്നത്. ജോലിക്കാ‌ർക്കുള്ള കൂലിപോലും നൽകാനാകുന്നില്ല. പലചരക്ക് സാധനങ്ങൾക്കും പാചകവാതകത്തിനും സബ്സിഡി പ്രഖ്യാപിച്ച് ഹോട്ടലുകളുടെ കടബാദ്ധ്യത കുറയ്ക്കണം

-ലാലി വേണു,സെക്രട്ടറി, രുചിക്കൂട്ട് ജനകീയ ഹോട്ടൽ, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL